ട്രാൻസ്ഫർ റൗണ്ടപ്പ്: പിഎസ്ജി മൗറീന്യോയെ പരിഗണിക്കുന്നു, ന്യൂകാസിലിനു മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വേണം


1. പിഎസ്ജി മൗറീന്യോയെ ലക്ഷ്യമിടുന്നു
മൗറീസിയോ പോച്ചട്ടിനോക്ക് പകരക്കാരനായി പിഎസ്ജി ഹോസെ മൗറീന്യോയെ നോട്ടമിടുന്നു. പോച്ചട്ടിനോയും പിഎസ്ജിയും തമ്മിലുള്ള കരാർ അവസാനിക്കുന്നത് 2023ൽ ആണെങ്കിലും ഈ സമ്മറിൽ തന്നെ അദ്ദേഹത്തിനു പകരക്കാരനെ ഫ്രഞ്ച് ക്ലബ് എത്തിക്കുമെന്ന് ടോക്ക്സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.
2. ഡീൻ ഹെൻഡേഴ്സണായി ന്യൂകാസിൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്സണെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ശ്രമം നടത്തുന്നതായി 90Min വൃത്തങ്ങൾ മനസിലാക്കുന്നു. ഡി ഗിയയെ മറികടന്ന് ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമാവാൻ കഴിയാത്തതിനാൽ ക്ലബ് വിടാൻ താൽപര്യമുള്ള ഹെൻഡേഴ്സണായി ഇരുപതു മില്യൺ ന്യൂകാസിൽ മുടക്കേണ്ടി വരും.
3. കരാർ പുതുക്കിയില്ലെങ്കിലും ഗ്നാബ്രി ബയേണിൽ തുടരും
കരാർ പുതുക്കിയില്ലെങ്കിലും ഈ സമ്മറിൽ സെർജി ഗ്നാബ്രി ബയേൺ മ്യൂണിക്കിൽ തന്നെ തുടരും. സ്പോർട്ട് വണിന്റെ റിപ്പോർട്ടുകൾ പ്രകാരം 2023ൽ കരാർ അവസാനിക്കുന്ന താരം ലോകകപ്പിന് മികച്ച രീതിയിൽ തയ്യാറെടുത്ത് അതിനു ശേഷം ഫ്രീ ട്രാൻസ്ഫറിൽ ബയേൺ വിടാനാണ് ഒരുങ്ങുന്നത്.
4. ജീസസിനെ സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ആഴ്സണൽ
മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ താരമായ ഗബ്രിയേൽ ജീസസിനെ വരുന്ന സമ്മറിൽ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ ആഴ്സണലിനുണ്ടെന്ന് ദി സൺ വെളിപ്പെടുത്തി. ജപ്പാനെതിരായ ബ്രസീലിന്റെ സൗഹൃദമത്സരത്തിനു ശേഷം കരാർ ചർച്ചകൾ ആഴ്സണൽ പുനരാരംഭിക്കും.
5. മിഖിറ്റാരിയൻ ഇന്റർ മെഡിക്കൽ പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നു
ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഹെൻറിക് മിഖിറ്റാരിയൻ ഇന്റർ മിലാൻ മെഡിക്കൽ പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നു. റോമയുമായി കരാർ പുതുക്കാൻ വിസമ്മതിച്ച താരം രണ്ടു വർഷത്തെ കരാറിലാണ് ഇന്റർ മിലാനിലേക്ക് ചേക്കേറുന്നത്.
6. ആസ്റ്റൺ വില്ല റോബിൻ ഓൾസനെ സ്വന്തമാക്കി
സ്വീഡിഷ് ഗോൾകീപ്പറായ റോബിൻ ഓൾസനെ സ്വന്തമാക്കിയ വിവരം ആസ്റ്റൺ വില്ല സ്ഥിരീകരിച്ചു. റോമ താരമായിരുന്ന ഓൾസൻ സീസണിന്റെ പകുതി മുതൽ ലോണിൽ ആസ്റ്റൺ വില്ലയിലാണ് കളിക്കുന്നത്.
7. ആരോൺ വാൻ ബിസാക്കയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കുന്നു
ആരോൺ വാൻ ബിസാക്കയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സന്നദ്ധരാണെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്തു. എറിക് ടെൻ ഹാഗിന് താൽപര്യമില്ലാത്തതു കൊണ്ടാണ് ബിസാക്കയെ ഒഴിവാക്കുന്നത്. അതേസമയം ഡീഗോ ദാലോട്ട് ടീമിൽ തുടരും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.