ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഡിബാലയെയും ഇകാർഡിയെയും ഒരുമിച്ച് സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്, സിയച്ചിനായി മിലാൻ രംഗത്ത്
By Sreejith N

1. ഡിബാലയെയും ഇകാർഡിയെയും ഒരുമിച്ച് സ്വന്തമാക്കാൻ മോൺസ
അർജന്റീനിയൻ മുന്നേറ്റനിര താരങ്ങളായ പൗളോ ഡിബാല, മൗറോ ഇകാർഡി എന്നിവരെ ഒരുമിച്ച് സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ മൊൺസ തയ്യാറെടുക്കുന്നുവെന്ന് സ്കൈ സ്പോർട്ട്സ് റിപ്പോർട്ടു ചെയ്യുന്നു. പുതിയതായി ഇറ്റാലിയൻ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മോൺസയുടെ ക്ലബ് ഡയറക്റ്ററായ അഡ്രിയാനോ ഗല്ലിയാനി രണ്ടു താരങ്ങളുടെയും ഏജന്റുമായി ചർച്ചകൾ നടത്തുന്നുണ്ട്.
2. സിയച്ചിനെ സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിൽ എസി മിലാൻ
ചെൽസി താരമായ ഹക്കിം സിയച്ചിനെ സ്വന്തമാക്കാമെന്ന ആത്മവിശ്വാസം ഇറ്റാലിയൻ ലീഗ് ജേതാക്കളായ എസി മിലാനുണ്ടെന്ന് സ്കൈ സ്പോർട്ട്സ് റിപ്പോർട്ടു ചെയ്യുന്നു. 2025 വരെ ചെൽസി കരാറുള്ള താരം കഴിഞ്ഞ സീസണിൽ 44 മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളും ആറ് അസിസ്റ്റുമാണ് സ്വന്തമാക്കിയത്.
3. ഡീപേയ്ക്കു വിലയിട്ട് ബാഴ്‌സലോണ
മുന്നേറ്റനിര താരമായ മെംഫിസ് ഡീപേയ്ക്കു വിലയിട്ട് ബാഴ്‌സലോണ. ഇരുപത്തിയഞ്ചു മില്യൺ യൂറോ നൽകിയാൽ കഴിഞ്ഞ സീസണിൽ ലിയോണിൽ നിന്നും ഫ്രീ ഏജന്റായി എത്തിയ നെതർലാൻഡ്‌സ് താരത്തെ ബാഴ്‌സലോണ വിട്ടു കൊടുക്കുമെന്നാണ് സ്‌പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ടു ചെയ്യുന്നത്.
4. ഡീൻ ഹെൻഡേഴ്‌സൺ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്‌സൺ ഒരു വർഷത്തെ ലോൺ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. നോട്ടിങ്ഹാം ഫോറസ്റ്റിലേക്കാണ് ഇരുപത്തിയഞ്ചു വയസുള്ള താരം ചേക്കേറിയത്. അവസരങ്ങൾ കുറഞ്ഞതാണ് ഹെൻഡേഴ്‌സൺ ക്ലബ് വിടാൻ കാരണമായത്.
5. ഫിയോറെന്റീന ലൂക്ക ജോവിച്ചിനെ സ്വന്തമാക്കുന്നതിനരികെ
ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീന റയൽ മാഡ്രിഡ് സ്‌ട്രൈക്കറായ ലൂക്ക ജോവിച്ചിനെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു. റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞ താരം അടുത്ത ദിവസങ്ങളിൽ തന്നെ ട്രാൻസ്‌ഫർ പൂർത്തിയാക്കും എന്നാണു കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നത്.
6. ഡാനി ആൽവസ് പുതിയ ക്ലബ് തേടുന്നു
കരാർ പുതുക്കുന്നില്ലെന്ന് ബാഴ്‌സലോണ തീരുമാനിച്ചതോടെ ക്ലബ് വിട്ട ഡാനി ആൽവസ് പുതിയ ക്ലബ് തേടുന്നു. നിലവിൽ ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരനെൻസാണ് താരത്തിനായി രംഗത്തുള്ളതെങ്കിലും അവർ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.
7. ബാഴ്‌സലോണ അലോൺസോയെ സ്വന്തമാക്കുന്നതിനരികെ
ചെൽസി താരമായ മാർകോ അലോൺസോ ബാഴ്‌സയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. സ്‌പാനിഷ് താരവുമായുള്ള കരാർ ബാഴ്‌സലോണ അടുത്തയാഴ്‌ച പൂർത്തിയാക്കുമെന്ന് കാറ്റലൻ മാധ്യമം സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.