ട്രാൻസ്‌ഫർ റൗണ്ടപ്പ്: മൊഹമ്മദ് സലാ ലിവർപൂൾ കരാർ പുതുക്കി, രണ്ടു താരങ്ങളെ ടീമിലെത്തിച്ച് ഇന്റർ മിലാൻ
By Sreejith N

1. ആന്ദ്രേ ഒനാന ഇന്റർ മിലാൻ ട്രാൻസ്‌ഫർ പൂർത്തിയാക്കി
അയാക്‌സ് ഗോൾകീപ്പറായിരുന്ന ആന്ദ്രേ ഒനാന ഇന്റർ മിലാനിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കി. അയാക്‌സ് കരാർ അവസാനിച്ച താരം ഫ്രീ ഏജന്റായാണ് ഇറ്റാലിയൻ ക്ലബിലെത്തുന്നത്. അഞ്ചു വർഷത്തെ കരാറാണ് ഇരുപത്തിയാറു വയസുള്ള ഒനാന ഇന്റർ മിലാനുമായി ഒപ്പു വെച്ചിരിക്കുന്നത്.
2. ഗുണ്ടൂസി മാഴ്‌സയിലേക്ക് സ്ഥിരം കരാറിൽ ചേക്കേറി
ഫ്രഞ്ച് മധ്യനിരതാരമായ മാറ്റിയോ ഗുണ്ടൂസി ആഴ്‌സണൽ വിട്ട് ഫ്രഞ്ച് ക്ലബായ മാഴ്‌സയിലേക്ക് ചേക്കേറി. കഴിഞ്ഞ സീസണിൽ ലോണിൽ തങ്ങൾക്കു വേണ്ടി കളിച്ച താരത്തെ പത്തു മില്യൺ നൽകിയാണ് ഫ്രഞ്ച് ക്ലബ് സ്വന്തമാക്കിയത്. മാഴ്‌സക്കു വേണ്ടി മികച്ച പ്രകടനം നടത്തി ലോകകപ്പ് ടീമിൽ ഇടം നേടുകയാണ് താരത്തിന്റെ ലക്‌ഷ്യം.
3. സെർജി ഓറിയർ വിയ്യാറയൽ വിട്ടു
ഐവറി കോസ്റ്റ് പ്രതിരോധതാരമായ സെർജി ഓറിയർ സ്‌പാനിഷ് ക്ലബായ വിയ്യാറയൽ വിട്ടു. കഴിഞ്ഞ ഒക്ടോബറിൽ സ്വന്തമാക്കിയ ഓറിയറുമായി ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാൻ അവസരമുണ്ടായിട്ടും ടീമിന്റെ പദ്ധതികൾക്ക് താരം അനുയോജ്യനല്ലാത്തതിനാൽ അതു പുതുക്കുന്നില്ലെന്ന് വിയ്യാറയൽ തീരുമാനിക്കുകയായിരുന്നു.
4. മൊഹമ്മദ് സലാ ലിവർപൂൾ കരാർ പുതുക്കി
ലിവർപൂൾ സൂപ്പർതാരം മൊഹമ്മദ് സലാ ക്ലബുമായി കരാർ പുതുക്കി. 2023ൽ അവസാനിക്കാനിരുന്ന കരാറാണ് താരം 2025 വരെ നീട്ടിയത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ താരവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ കൂടിയാണ് അവസാനിച്ചത്.
5. ഗോൾകീപ്പറെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
അർമേനിയാ ബിലെഫീൽഡ് ഗോൾകീപ്പറായിരുന്ന സ്റ്റെഫാൻ ഒർട്ടേഗ മൊറേനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. കരാർ അവസാനിച്ച താരത്തെ മൂന്നു വർഷത്തെ കരാറിലാണ് സിറ്റി ടീമിലെത്തിച്ചത്. ജർമൻ ക്ലബിനായി 220 മത്സരങ്ങളിൽ ഇരുപത്തിയൊൻപതു വയസുള്ള താരം ഇറങ്ങിയിട്ടുണ്ട്.
6. ഗ്രീസ്‌മൻ അത്ലറ്റികോ മാഡ്രിഡിൽ തുടരും
അന്റോയിൻ ഗ്രീസ്‌മൻ അടുത്ത സീസണിലും അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരും. ബാഴ്‌സലോണ താരമായ ഗ്രീസ്‌മനെ ലോൺ കരാറിൽ തന്നെയാണ് അത്ലറ്റികോ മാഡ്രിഡ് നിലനിർത്തുന്നത്. കഴിഞ്ഞ സീസണിൽ എട്ടു ഗോളുകൾ മാത്രമാണ് ഫ്രഞ്ച് താരം അത്ലറ്റികോക്ക് വേണ്ടി നേടിയത്.
7. മിഖിറ്റാരിയൻ ഇന്റർ മിലാനിലെത്തി
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഹെൻറിക് മിഖിറ്റാരിയൻ ഇന്റർ മിലാനിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കി. റോമ കരാർ അവസാനിച്ച താരം ഫ്രീ ഏജന്റായാണ് ഇന്റർ മിലാനിൽ എത്തിയത്. മുപ്പത്തിമൂന്നുകാരനായ താരം കഴിഞ്ഞ സീസണിൽ റോമക്കൊപ്പം യുവേഫ കോൺഫറൻസ് ലീഗ് നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.