ട്രാൻസ്‌ഫർ റൗണ്ടപ്പ്: ലിംഗാർഡ് ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ചു, അർജന്റീന താരത്തെ സ്വന്തമാക്കുന്നതിനരികെ വിയ്യാറയൽ
By Sreejith N

1. ലിംഗാർഡ് ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ജെസ്സെ ലിംഗാർഡ് ക്ലബ് വിടുമെന്നു സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ജൂണിൽ അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. ഫ്രീ ഏജന്റാകുന്ന താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ട്.
2. വിയ്യാറയൽ ലൊ സെൽസോയെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ
അർജന്റീന താരമായ ജിയോവാനി ലൊ സെൽസോയെ വിയ്യാറയൽ സ്വന്തമാക്കുന്നു. ഇരുപത്തിയാറു വയസുള്ള താരം ലോണിൽ ക്ലബിനു വേണ്ടി നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് താരത്തെ ഉനെ എമറി സ്ഥിരം കരാറിൽ സ്വന്തമാക്കുന്നതെന്ന് ഫുട്ബോൾ ഇൻസൈഡർ വ്യക്തമാക്കി.
3. ഡെനിസ് സുവാരസിനായി ലാസിയോ രംഗത്ത്
മുൻ ബാഴ്‌സലോണ താരമായ ഡെനിസ് സുവാരസിനെ ലാസിയോ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നതായി കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്‌തു. മൗറീസിയോ സാറിയുടെ താത്പര്യപ്രകാരമാണ് നിലവിൽ സെൽറ്റ താരമായ സുവാരസിനായി ലാസിയോ ശ്രമം നടത്തുന്നത്.
4. മാനെക്കു പകരക്കാരനായി റെന്നസ് താരം
ക്ലബ് വിടാനൊരുങ്ങുന്ന സാഡിയോ മാനെക്കു പകരക്കാരനായി റെന്നസിന്റെ മുന്നേറ്റനിര താരമായ മാർട്ടിൻ ടെറിയറെ ലിവർപൂൾ നോട്ടമിടുന്നതായി ഡെയിലി മിറർ റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ റെന്നസിനായി ടെറിയർ നേടിയിട്ടുണ്ട്.
5. ലോഫ്റ്റസ് ചീക്കിനെ ലാസിയോക്കു വേണം
ചെൽസി മധ്യനിര താരമായ റൂബൻ ലോഫ്റ്റസ് ചീക്കിനെ ഇറ്റാലിയൻ ക്ലബായ ലാസിയോ ലക്ഷ്യമിടുന്നുണ്ടെന്ന് ഗസറ്റ ഡെല്ല സ്പോർട്ട് വ്യക്തമാക്കി. ലൂയിസ് ആൽബർട്ടോ, മിലിങ്കോവിച്ച് സാവിച്ച് എന്നിവർ ക്ലബ് വിട്ടാൽ ഇരുപത്തിയാറു വയസുള്ള താരത്തെ സ്വന്തമാക്കാനാണ് ലാസിയോ ഒരുങ്ങുന്നത്.
6. ചെൽസി താരത്തെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
ചെൽസി താരമായ മേസൺ മൗണ്ടിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നതായി ദി സൺ റിപ്പോർട്ടു ചെയ്‌തു. താരവും ചെൽസിയും തമ്മിൽ കരാർ പുതുക്കാനുള്ള ചർച്ചകൾ മുന്നോട്ടു പോവാത്തതിനെ മുതലെടുക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.
7. സ്റ്റെർലിങ്ങിൽ ബയേണിനും താൽപര്യം
മാഞ്ചസ്റ്റർ സിറ്റി താരമായ റഹീം സ്റ്റെർലിങ്ങിൽ ബയേൺ മ്യൂണിക്കിനും താൽപര്യമുണ്ടെന്ന് ദി സൺ വെളിപ്പെടുത്തി. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള ഇംഗ്ലണ്ട് താരത്തിനായി ചെൽസി, റയൽ മാഡ്രിഡ് എന്നീ ക്ലബുകളും രംഗത്തുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.