മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോൾ നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡൽ ആഘോഷം നടത്തി ആൻഡ്രോസ് ടൗൺസെൻഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇന്ന് നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡൽ ആഘോഷം നടത്തി എവർട്ടണിന്റെ ഇംഗ്ലീഷ് താരം ആൻഡ്രോസ് ടൗൺസെൻഡ്. മത്സരത്തിൽ എവർട്ടണ് സമനില സമ്മാനിച്ച ഗോൾ നേടിയതിന് ശേഷമായിരുന്നു റൊണാൾഡോയെ അനുകരിക്കുന്ന ആഘോഷം ടൗൺസെൻഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. സംഭവം ഫുട്ബോൾ ലോകത്ത് വൈറലായിക്കഴിഞ്ഞു.
ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ നാൽപ്പത്തിമൂന്നാം മിനുറ്റിൽ ആന്തണി മാർഷ്യൽ നേടിയ ഗോളിൽ മുന്നിലെത്തിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ടൗൺസെൻഡിന്റെ ഗോളിൽ എവർട്ടണ് മുന്നിൽ സമനില വഴങ്ങുകയായിരുന്നു. അറുപത്തിയഞ്ചാം മിനുറ്റിൽ യുണൈറ്റഡ് ബോക്സിലേക്ക് കുതിച്ചെത്തിയ ടൗൺസെൻഡ്, മൈതാനത്തിന്റെ വലത് വശത്ത് നിന്ന് ലഭിച്ച പന്ത് ഒന്നാന്തരം ഫിനിഷിംഗിലൂടെയാണ് വലയിലെത്തിച്ചത്. ടൗൺസെൻഡിന്റെ ഷോട്ട് വലയിലേക്ക് നീങ്ങുമ്പോൾ കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയക്ക് കഴിഞ്ഞുള്ളൂ.
Andros Townsend pulled the Cristiano Ronaldo ‘Siuuu’ after his equaliser ?? #MUNEVE pic.twitter.com/vTG7XaV7sL
— talkSPORT (@talkSPORT) October 2, 2021
ഗോൾ നേടിയതിന് പിന്നാലെ കോർണർ ഫ്ലാഗിലേക്ക് ഓടിച്ചെന്ന ടൗൺസെൻഡ് വായുവിൽ കുതിച്ചു ചാടി, ഗ്യാലറിയെ സാക്ഷിയാക്കി റൊണാൾഡോ മോഡൽ സെലബ്രേഷൻ നടത്തുകയായിരുന്നു. ടൗൺസെൻഡ് തന്നെ അനുകരിച്ച് കൊണ്ടുള്ള ആഘോഷം നടത്തുമ്പോൾ അത് കണ്ടു കൊണ്ട് റൊണാൾഡോ മൈതാനത്തുണ്ടായിരുന്നു.
മത്സരശേഷം സംസാരിക്കവെ തന്റെ ആരാധനാപാത്രമായ റൊണാൾഡോയോടുള്ള ബഹുമാനസൂചകമായാണ് അത്തരത്തിലൊരു ഗോളാഘോഷം നടത്തിയതെന്ന് ടൗൺസെൻഡ് വ്യക്തമാക്കി. റൊണാൾഡോയുടെ കളി കണ്ടാണ് താൻ വളർന്നതെന്നും, അദ്ദേഹത്തിന്റെ ടെക്നിക്കുകൾ സ്വായത്തമാക്കാൻ മണിക്കൂറുകളോളം താൻ പരിശീലന മൈതാനത്ത് ചിലവഴിച്ചിരുന്നുവെന്നും വ്യക്തമാക്കിയ എവർട്ടൺ താരം, അദ്ദേഹത്തെ അനുകരിച്ചുള്ള ഗോളാഘോഷം കൂടുതൽ മികച്ചതാക്കാൻ താൻ അല്പം കൂടി ശ്രമിക്കേണ്ടതായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അതേ സമയം, റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണിനെതിരെ കളി തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ മാർഷ്യൽ നേടിയ ഗോളിൽ മുന്നിലെത്തിയ റെഡ് ഡെവിൾസിനായി അൻപത്തിയേഴാം മിനുറ്റിൽ പകരക്കാരനായി റോണോ കളത്തിലെത്തിയെങ്കിലും പ്രതീക്ഷിച്ച മികവ് അദ്ദേഹത്തിന് ഇന്ന് പുറത്തെടുക്കാനായില്ല. ഈ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ പ്രീമിയർ ലീഗിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിയുമായിരുന്ന യുണൈറ്റഡ് നിലവിൽ 7 മത്സരങ്ങളിൽ 14 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണുള്ളത്.