ഡിബാല റോമയിലെത്തുമായിരുന്നെങ്കിലും റൊണാൾഡോയെ സ്വന്തമാക്കാനുള്ള സാധ്യതയില്ലെന്ന് ടോട്ടി


യുവന്റസ് വിട്ട് ഫ്രീ ഏജന്റായ പൗളോ ഡിബാല റോമയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടായിരുന്നുവെന്ന് ക്ലബിന്റെ ഇതിഹാസമായ ഫ്രാൻസിസ്കോ ടോട്ടി. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തു പോകാൻ തയ്യാറെടുക്കുന്ന റൊണാൾഡോയെ ഇറ്റാലിയൻ ക്ലബ് സ്വന്തമാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ടോട്ടി പറഞ്ഞു.
യുവന്റസ് വിട്ട ഡിബാലയെ റോമയിൽ എത്തിക്കാൻ താൻ ശ്രമിക്കുമെന്നു പറഞ്ഞ ടോട്ടി ക്ലബ് റിട്ടയർ ചെയ്ത തന്റെ പത്താം നമ്പർ ജേഴ്സി അർജന്റീന താരത്തിന് നൽകുമെന്നും അറിയിച്ചിരുന്നു. താരം മൗറീന്യോയുടെ കീഴിൽ കളിക്കാൻ എത്തുമെന്ന് ടോട്ടി വിശ്വസിക്കുന്നുണ്ടെങ്കിലും മറ്റു ക്ലബുകളും താരത്തിനായി രംഗത്തുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
"അതു സാധ്യമായിരുന്നു എന്നു തന്നെ പറയട്ടെ, വളരെ സാധ്യമായിരുന്നു. പക്ഷെ പിന്നീട് മറ്റു കാര്യങ്ങൾ സംഭവിക്കുകയും എല്ലാം മാഞ്ഞു പോവുകയും ചെയ്തു. താരത്തിനിപ്പോൾ മറ്റു ക്ലബുകളിലേക്കും പോകാം. എങ്ങോട്ടാണെന്ന് എനിക്കറിയില്ല. താരം റോമിലേക്ക് വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ചർച്ചകൾ നടന്നിരുന്നു, അവർ എന്താണ് പരസ്പരം പറഞ്ഞതെന്ന് എനിക്കറിയില്ല." ടോട്ടി സ്കൈ സ്പോർട്ട്സ് ഇറ്റാലിയയോട് പറഞ്ഞു.
റൊണാൾഡോയെ സ്വന്തമാക്കാനുള്ള സാധ്യതയെക്കുറിച്ച് ടോട്ടി ഇങ്ങിനെയാണ് പ്രതികരിച്ചത്. "ഞാനതിനെ കുറിച്ച് ഒരിക്കലും ആത്മാർത്ഥമായി വിശ്വസിച്ചിട്ടില്ല, നിലവിലെ യാഥാർഥ്യം എനിക്കറിയാം. അത് ശരിക്കും നടക്കുകയാണെങ്കിൽ മഹത്തായ കാര്യമായിരിക്കും, ഓരോ റോമ ആരാധകനും ആവേശമുണ്ടാക്കും." ഇറ്റാലിയൻ ഇതിഹാസം വ്യക്തമാക്കി.
ഡിബാല റോമയിൽ എത്തുമെന്ന പ്രതീക്ഷ ഇപ്പോഴും ടോട്ടിക്കുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാതിരുന്ന ക്ലബ്ബിലേക്ക് താരമെത്താനുള്ള സാധ്യത വളരെ കുറവാണ്. മറ്റൊരു ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനാണ് താരത്തെ സ്വന്തമാക്കാൻ മുന്നിലുള്ളത്. പ്രീമിയർ ലീഗ് ക്ലബുകൾക്കും ഡിബാലയിൽ താൽപര്യമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.