റയൽ മാഡ്രിഡിന്റെ ഓഫർ നിരസിക്കാനുള്ള എംബാപ്പയുടെ തീരുമാനത്തെ പിന്തുണച്ച് ഫ്രാൻസിസ്‌കോ ടോട്ടി
By Sreejith N

തന്റെ സ്വപ്‌നമായിരുന്ന ക്ലബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ഓഫർ നിരസിച്ച് പിഎസ്‌ജിയിൽ തന്നെ തുടരാനുള്ള കിലിയൻ എംബാപ്പയുടെ തീരുമാനത്തെ പിന്തുണച്ച് ഇറ്റലിയുടെയും റോമയുടെയും ഇതിഹാസതാരം ഫ്രാൻസിസ്‌കോ ടോട്ടി. എംബാപ്പയുടെ ഹൃദയത്തിൽ നിന്നാണ് ഫ്രാൻസിൽ തന്നെ തുടരാനുള്ള തീരുമാനം വന്നതെന്നും അതു മാനിക്കണമെന്നും ടോട്ടി വ്യക്തമാക്കി.
റയൽ മാഡ്രിഡ് കഴിഞ്ഞ സമ്മറിൽ തന്നെ ഓഫർ നൽകി സ്വന്തമാക്കാൻ ശ്രമിച്ച കിലിയൻ എംബാപ്പെ കഴിഞ്ഞ സീസൺ പൂർത്തിയാകുന്നതോടെ ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ എംബാപ്പെ അടുത്തുവെന്ന അഭ്യൂഹങ്ങൾ ശക്തമായതിനു പിന്നാലെയാണ് ഏവരെയും അമ്പരിപ്പിച്ച് താരം പിഎസ്‌ജി കരാർ പുതുക്കിയത്.
"എന്നെ സംബന്ധിച്ച് അതു ഹൃദയത്തിൽ നിന്നും വന്ന തീരുമാനം തന്നെയാണ്, ആരാണ് ക്ലബിനൊപ്പം തുടരാൻ തീരുമാനിച്ചത് എന്നതവിടെ പ്രസക്തമല്ല. ഒരു വലിയ ചാമ്പ്യനെ പോലെത്തന്നെ താരത്തെ കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും വേണം. പിഎസ്‌ജിയെക്കാൾ മികച്ചൊരു ഇടം കണ്ടെത്താൻ താരത്തിന് കഴിയില്ല." ടോട്ടി സ്കൈ സ്പോർട്സിനോട് പറഞ്ഞു.
റോമക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്ന സമയത്ത് റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന താരമാണ് ഫ്രാൻസിസ്‌കോ ടോട്ടി. എന്നാലന്ന് റയൽ മാഡ്രിഡിന്റെ വാഗ്‌ദാനം നിഷേധിച്ച താരം തന്റെ സീനിയർ കരിയർ മുഴുവൻ ഇറ്റാലിയൻ ക്ലബിന്റെ കൂടെ പൂർത്തിയാക്കിയതിനു ശേഷം അവിടെ തന്നെ വിരമിക്കുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.