Football in Malayalam

യുവേഫ കോൺഫറൻസ് ലീഗിൽ നിന്നുമുള്ള പുറത്താകലിനെതിരെ അപ്പീൽ നൽകാനൊരുങ്ങി ടോട്ടനം ഹോസ്‌പർ

Sreejith N
Tottenham Hotspur v Brentford - Premier League
Tottenham Hotspur v Brentford - Premier League / Chris Brunskill/Fantasista/GettyImages
facebooktwitterreddit

മാറ്റി വെച്ച മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി വിധിച്ച തീരുമാനം വഴി തങ്ങൾ യുവേഫ കോൺഫറൻസ് ലീഗിൽ നിന്നും പുറത്തായതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പർ. ക്ലബിലെ കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്നാണ് സ്വന്തം മൈതാനത്തു നടക്കേണ്ടിയിരുന്ന മത്സരം ടോട്ടനത്തിനു മാറ്റി വെക്കേണ്ടി വന്നത്.

എന്നാൽ മാറ്റി വെച്ച മത്സരം വീണ്ടും നടത്തുന്നതിനു പകരം മത്സരം നടത്താൻ പരാജയപ്പെട്ട ടോട്ടനത്തിനു എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി വിധിക്കുകയാണ് യുവേഫ കോൺഫറൻസ് ലീഗ് സംഘാടകർ ചെയ്‌തത്‌. ഇതോടെ ചാമ്പ്യൻസ് ലീഗിനും യൂറോപ്പ ലീഗിനും പിന്നിലുള്ള യുവേഫയുടെ തേർഡ് ടയർ ടൂർണമെന്റിൽ നിന്നും ടോട്ടനം ഹോസ്‌പർ പുറത്തായെങ്കിലും അതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് പരിശീലകൻ അന്റോണിയോ കോണ്ടെ പ്രകടിപ്പിച്ചത്.

"ഇതൊരു ഫൈനലല്ലായിരുന്നു. അസാധാരണമായ ഈ തീരുമാനം സാധുവാകാൻ ഒരു പടി കൂടി ബാക്കിയുണ്ട്, ഞങ്ങൾ ഇക്കാര്യത്തിൽ ആത്മവിശ്വാസത്തിലാണ്. മൈതാനത്തു നിന്നും യോഗ്യത നേടാനാണ് ഞങ്ങൾ അർഹരായിരുന്നത്, കോടതിയിൽ നിന്നല്ല. പക്ഷെ ഞങ്ങൾക്കിത് അംഗീകരിക്കാൻ കഴിയില്ല. യുവേഫയുടെ തീരുമാനം ഞങ്ങളെ നിരാശരാക്കി. ഇതിൽ മാറ്റമുണ്ടാകണമെന്നും മൈതാനത്തു നിന്നു തന്നെ ഇതിലൊരു തീരുമാനം ഉണ്ടാകുമെന്നും കരുതുന്നു." കോണ്ടെ പറഞ്ഞു.

കോൺഫെറൻസ് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള റെന്നെസുമായി ഏഴു പോയിന്റിന്റെ വ്യത്യാസം ഉള്ളതിനാൽ തന്നെ മത്സരം വിജയിച്ചാലും ഫ്രഞ്ച് ക്ലബ്ബിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ടോട്ടനത്തിനു കഴിയുമായിരുന്നില്ല. എന്നാൽ റെന്നെസുമായുള്ള മത്സരത്തിൽ വിജയം നേടിയാൽ നോക്ക്ഔട്ട് മത്സരത്തിനുള്ള ക്വാളിഫിക്കേഷൻ പ്ലേ ഓഫ് കളിക്കാൻ അവർക്കാവും. അതു ലക്ഷ്യം വെച്ചാണ് അവർ അപ്പീൽ നൽകിയിരിക്കുന്നതും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit