മോശം ഫോമിനെ തുടർന്ന് നൂനോ എസ്പിരിറ്റോ സാന്റോയെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കി ടോട്ടൻഹാം ഹോട്സ്പർ

2021/22 സീസണിലെ മികച്ച തുടക്കത്തിന് ശേഷം മോശം ഫോമിലേക്ക് വീണ പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്സ്പർ പരിശീലകസ്ഥാനത്ത് നിന്ന് നൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കി. ടോട്ടൻഹാം പരിശീലകനായി നിയമിക്കപ്പെട്ട് വെറും നാല് മാസങ്ങൾക്ക് ശേഷമാണ് സാന്റോയുടെ ക്ലബിലെ സ്ഥാനം തെറിക്കുന്നത്.
2021 ജൂൺ അവസാനം ടോട്ടൻഹാം പരിശീലകനായി എസ്പിരിറ്റോ സാന്റോ ചുമതലയേറ്റതിന് ശേഷം, ഈ സീസണിലെ ആദ്യ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും വിജയം കരസ്ഥമാക്കി മികച്ച തുടക്കമാണ് സ്പർസ് കുറിച്ചതെങ്കിലും, പിന്നീടുള്ള 7 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുകൾ നേടാൻ മാത്രമേ ക്ലബിന് കഴിഞ്ഞിരുന്നുള്ളൂ. കഴിഞ്ഞ പ്രീമിയർ ലീഗിൽ മത്സരത്തിൽ സ്വന്തം തട്ടകത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ തന്നെ സാന്റോയെ ടോട്ടൻഹാം പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
"നൂനോ എസ്പിരിറ്റോ സാന്റോയെയും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫായ ഇയാൻ കാത്രോ, റൂയി ബാർബോസ, അന്റോണിയോ ഡയസ് എന്നിവരെയും അവരുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ക്ലബിന് ഇന്ന് പ്രഖ്യാപിക്കാം," ടോട്ടൻഹാം തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
"നൂനോയും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫും എത്രമാത്രം വിജയിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിയാം, ഞങ്ങൾക്ക് ഈ തീരുമാനം എടുക്കേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു," ടോട്ടൻഹാമിന്റെ മാനേജിങ് ഡയറക്ടർ ഓഫ് ഫുട്ബോൾ ആയ ഫാബിയോ പരാറ്റിക്കി പറഞ്ഞു.
"നൂനോ ശരിക്കും ഒരു മാന്യനാണ്, അദ്ദേഹം ഇവിടെ എല്ലായ്പോഴും സ്വാഗതം ചെയ്യപ്പെടും. അദ്ദേഹത്തിനും, അദ്ദേഹത്തിൻറെ കോച്ചിങ് സ്റ്റാഫിനും നന്ദി പറയാനും, അവർക്ക് ഭാവിയിലേക്ക് ഭാവുകൾ നേരാനും ഞാൻ ആഗ്രഹിക്കുന്നു," പരാറ്റിക്കി കൂട്ടിച്ചേർത്തു.