Football in Malayalam

കേനിന്റെ സമീപനത്തിൽ ടോട്ടനം നേതൃത്വത്തിന് അതൃപ്‌തി, താരത്തിന്റെ ട്രാൻസ്‌ഫർ സാധ്യതകൾ മങ്ങുന്നു

Sreejith N
Leicester City v Tottenham Hotspur - Premier League
Leicester City v Tottenham Hotspur - Premier League / Visionhaus/Getty Images
facebooktwitterreddit

കഴിഞ്ഞ സീസൺ അവസാനിക്കുന്നതിനു മുൻപു തന്നെ ടോട്ടനം ഹോസ്‌പർ വിടാനുള്ള ആഗ്രഹം ഹാരി കേൻ പ്രകടിപ്പിച്ചിരുന്നു. ലോകഫുട്ബോളിൽ നിലവിലുള്ള മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നിട്ടു കൂടി ഇതുവരെയും ഒരു കിരീടം പോലും സ്‌പർസിനൊപ്പം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ക്ലബ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്ന പ്രധാന കാര്യം. എന്നാൽ ഈ സമ്മറിൽ താരത്തിന്റെ ട്രാൻസ്‌ഫറിനുള്ള സാധ്യതകൾ മങ്ങുകയാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്ലബ് വിടാനുള്ള തന്റെ ആഗ്രഹം കേൻ നേരിട്ടു മാധ്യമങ്ങളോട് തുറന്നു പറഞ്ഞത് സ്‌പർസ് ചെയർമാൻ ജോ ലെവിസിനെ ചൊടിപ്പിച്ചുവെന്നാണ് ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനു പുറമെ തന്റെ ഭാവിയെക്കുറിച്ച് താനാണ് തീരുമാനങ്ങൾ എടുക്കുകയെന്നും ക്ലബിന് അതിൽ യാതൊന്നും ചെയ്യാനില്ലെന്നും കേൻ പറഞ്ഞിരുന്നു. ഇതു രണ്ടും ക്ലബിനോടുള്ള ബഹുമാനക്കുറവായാണ് ടോട്ടനം നേതൃത്വവും ക്ലബ് ചെയർമാനായ ജോ ലെവിസും കരുതുന്നത്.

ഇക്കാര്യം കൊണ്ടു തന്നെ കേനിന്റെ ട്രാൻസ്‌ഫർ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അംഗീകരിക്കാൻ ടോട്ടനം ഹോസ്‌പർ തയ്യാറായേക്കില്ല. ഇംഗ്ലണ്ട് സ്‌ട്രൈക്കർക്കു വേണ്ടി വമ്പൻ ഓഫറുകളുമായി ക്ലബുകൾ രംഗത്തുണ്ടെങ്കിലും അത് പരിഗണിക്കേണ്ടെന്ന നിലപാടാണ് ടോട്ടനം ചെയര്മാന്റെതെന്ന് ഡെയിലി മെയിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേനിനു വേണ്ടി നീക്കങ്ങൾ നടത്തുന്ന മാഞ്ചസ്റ്റർ സിറ്റിക്കും കനത്ത തിരിച്ചടിയാണ് ഇതു നൽകുക.

ഇനി മൂന്നു വർഷം കരാർ ബാക്കിയുള്ളതു കൊണ്ടു തന്നെ കേനിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് അവസാന തീരുമാനം പറയേണ്ടത് സ്‌പർസ് നേതൃത്വം തന്നെയാണ്. അതിനാൽ ആഗ്രഹിച്ച ട്രാൻസ്‌ഫർ പൂർത്തിയാക്കണമെങ്കിൽ ഇംഗ്ലണ്ട് സ്‌ട്രൈക്കർക്ക് നേതൃത്വത്തെ അനുനയിപ്പിച്ചേ മതിയാവൂ. അതേസമയം താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോഴുമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

facebooktwitterreddit