Football in Malayalam

ബാഴ്‌സയുടെ മോഹം നടക്കില്ല, ക്രിസ്റ്റ്യൻ റൊമേരോ ടോട്ടനം ഹോസ്‌പറിലേക്ക്

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-COL-ARG
FBL-WC-2022-SAMERICA-QUALIFIERS-COL-ARG / RAUL ARBOLEDA/Getty Images
facebooktwitterreddit

ബാഴ്‌സലോണ നോട്ടമിട്ടിരുന്ന അർജന്റീനിയൻ പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേരോ ടോട്ടനം ഹോസ്‌പറിലേക്കു ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരുപത്തിമൂന്നുകാരനായ അറ്റ്‌ലാന്റാ താരത്തിന്റെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ടോട്ടനവും ഇറ്റാലിയൻ ക്ലബും തമ്മിൽ ധാരണയിൽ എത്തിയെന്നാണ് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയും യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നത്.

യുവന്റസിൽ നിന്നും അറ്റലാന്റ രണ്ടു വർഷങ്ങൾക്കു മുൻപ് ലോണിലാണ് റൊമേരോയെ ടീമിലെത്തിച്ചതെങ്കിലും
പതിനാറു മില്യൺ യൂറോക്ക് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാമെന്ന ഉടമ്പടി അവർ കരാറിൽ ചേർത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സീരി എയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെ മൂല്യം കുത്തനെ ഉയർന്ന റൊമേരോ അതിനു പിന്നാലെ അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തിലും നിർണായക പങ്കു വഹിച്ചു.

റിപ്പോർട്ടുകൾ പ്രകാരം 55 മില്യൺ യൂറോയാണ് താരത്തിനായി ടോട്ടനം ഹോസ്‌പർ മുടക്കുന്നത്. നേരത്തെ കൊളംബിയൻ താരം ഡേവിൻസൺ സാഞ്ചസിനെ പകരം നൽകാൻ ടോട്ടനം ശ്രമിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. അർജന്റീന താരത്തിന് ട്രാൻസ്ഫറിൽ അഭിപ്രായവ്യത്യാസമില്ലെന്നും ക്ലബുകൾ തമ്മിലാണ് ധാരണയാകാനുള്ളത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിൽ താരത്തെ ഇറക്കാനുള്ള നീക്കങ്ങളാണ് ടോട്ടനം ഹോസ്‌പർ നടത്തുന്നത്. അതേസമയം ബാഴ്‌സലോണയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ വാർത്ത. സാമ്പത്തിക പരിമിതികൾ മൂലം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലക്ഷ്യമിട്ട താരങ്ങളെയൊന്നും സ്വന്തമാക്കാൻ ഇതുവരെയും കാറ്റലൻ ക്ലബിനു കഴിഞ്ഞിട്ടില്ല.


facebooktwitterreddit