Football in Malayalam

ടോട്ടൻഹാം പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻ ബാഴ്സലോണ മാനേജർ ഏണസ്റ്റോ വൽവർദെയും

Gokul Manthara
FBL-KSA-ESP-SUPERCUP-BARCELONA-ATLETICO
FBL-KSA-ESP-SUPERCUP-BARCELONA-ATLETICO / GIUSEPPE CACACE/Getty Images
facebooktwitterreddit

പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ തങ്ങളുടെ പുതിയ പരിശീലകനായി പരിഗണിക്കുന്നവരിൽ മുൻ ബാഴ്സലോണ മാനേജർ ഏണസ്റ്റോ വൽവർദെയും. നേരത്തെ മുൻ ലെപ്സിഗ് മാനേജർ റാൽഫ് റാംഗ്നിക്ക്, അയാക്സ് മാനേജർ എറിക് ടെൻ ഹാഗ് എന്നിവരും ടോട്ടനത്തിന്റെ റഡാറിലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു‌. അതിനിടെയാണ് വൽവർദെയും, ക്ലബ്ബ് പരിശീലകനായി പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ കഴിഞ്ഞ സീസണിന്റെ അവസാനമായിരുന്നു ഹൊസെ മൗറീന്യോയെ ടോട്ടനം അവരുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. തുടർന്ന് റയാൻ മേസണെ ക്ലബ്ബിന്റെ താൽക്കാലിക പരിശീലകനായി അവർ നിയമിക്കുകയും ചെയ്തു‌ സീസൺ അവസാനിച്ചതോടെ പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയ അവർ മുൻ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെ, മുൻ റോമ പരിശീലകൻ പൗളോ ഫോൻസെക്ക എന്നിവരുമായി ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. മുൻ നാപ്പോളി പരിശീലകൻ ഗെന്നാരോ ഗട്ടൂസോയുമായി ചർച്ച നടത്താൻ ക്ലബ്ബ് ഒരുങ്ങിയെങ്കിലും ആരാധക പ്രതിഷേധത്തെത്തുടർന്ന് അതിൽ നിന്ന് അവർക്ക് പിന്മാറേണ്ടി വന്നു‌.

തങ്ങളുടെ പുതിയ പരിശീലകനെ കണ്ടെത്തുന്നതിൽ ടോട്ടനം ചെയർമാൻ ഡാനിയൽ ലെവിക്കും, ക്ലബ്ബിന്റെ പുതിയ ഫുട്ബോൾ മാനേജിംഗ് ഡയറക്ടർ ഫാബിയോ പരാറ്റിസിക്കും വ്യത്യസ്ത മുൻഗണനകളാണുള്ളതെന്നാണ് റിപ്പോർട്ട്. ലെവി കൂടുതൽ വിപുലവും, ആക്രമണാത്മകവുമായി ഫുട്ബോൾ രീതിയെ അനുകൂലിക്കുന്നയാളാണെന്നും, ലെവിക്ക് യാഥാസ്ഥിതികവും, പ്രായോഗികവുമായ‌ സമീപനമാണുള്ളതെന്നുമാണ് സൂചനകൾ.

അതേ‌ സമയം മുൻ ബാഴ്സലോണ പരിശീലകൻ ഏണസ്റ്റോ വൽവർദെ, പരിശീലകനായി ടോട്ടനം പരിഗണിക്കുന്നവരിലുണ്ടെങ്കിലും അദ്ദേഹവുമായുള്ള ക്ലബ്ബിന്റെ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നാണ് റൊമാനോ ചൂണ്ടിക്കാട്ടുന്നത്‌. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ സൂചനകൾ പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ 2017 ൽ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തെത്തിയ വൽവർദെ ക്ലബ്ബിന് തുടർച്ചയായ 2 ലാലീഗ കിരീടങ്ങൾ സമ്മാനിച്ചിരുന്നു‌. എന്നാൽ 2019-20 സീസണിൽ ടീമിന്റെ പ്രകടനങ്ങൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതെ വന്നതോടെ കഴിഞ്ഞ വർഷം ജനുവരിയിൽ അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് കറ്റാലൻ ക്ലബ്ബ് പുറത്താക്കുകയായിരുന്നു. ബാഴ്സലോണയെ പരിശീലിപ്പിക്കുന്നതിന് മുൻപ് 4 വർഷത്തോളം അത്ലറ്റിക്ക് ബിൽബാവോയുടെ മാനേജറായിരുന്ന അദ്ദേഹം വലൻസിയ, ഒളിമ്പ്യാക്കോസ്, വിയ്യാറയൽ, എസ്പാന്യോൾ എന്നീ ക്ലബ്ബുകളുടെയും പരിശീലക വേഷം അണിഞ്ഞിട്ടുണ്ട്.

facebooktwitterreddit