Football in Malayalam

ക്രിസ്റ്റ്യൻ റൊമേരോ പ്രീമിയർ ലീഗിലേക്കു തന്നെ, ക്ലബുകൾ തമ്മിൽ ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയിലെത്തി

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-COL-ARG
FBL-WC-2022-SAMERICA-QUALIFIERS-COL-ARG / RAUL ARBOLEDA/Getty Images
facebooktwitterreddit

അർജന്റീന പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമായ ക്രിസ്റ്റ്യൻ റൊമേരോ പ്രീമിയർ ലീഗ് ട്രാൻസ്‌ഫറിനരികെ. സ്‌പാനിഷ്‌ മാധ്യമമായ മാർക്ക റിപ്പോർട്ടു ചെയ്യുന്നതു പ്രകാരം താരത്തിന്റെ ക്ലബായ അറ്റലാന്റയും പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറും തമ്മിൽ നടന്ന ചർച്ചകൾക്കു ശേഷം ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയായിട്ടുണ്ട്.

അമ്പതു മില്യൺ യൂറോയാണ് ഇരുപത്തിമൂന്നു വയസുള്ള താരത്തിനു വേണ്ടി ടോട്ടനം മുടക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനു പുറമെ അനുബന്ധ കരാറുകളായി അഞ്ചു മില്യൺ കൂടി ടോട്ടനം നൽകേണ്ടി വരും. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ പുറകോട്ടു പോയ ടോട്ടനത്തിന്റെ തിരിച്ചു വരവിനു കരുത്തു പകരുന്നതാണ് റൊമേരോയുടെ സാന്നിധ്യം.

കഴിഞ്ഞ സീസണിൽ സീരി എയിൽ അറ്റലാന്റാക്കൊപ്പം നടത്തിയ പ്രകടനമാണ് റൊമേരോയെ യൂറോപ്പിലെ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഇറ്റാലിയൻ ക്ലബിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച താരം സീരി എയിലെ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെ അർജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടത്തിലും താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

എന്നാൽ കോപ്പ അമേരിക്ക കിരീടം നേടിയ, അറ്റ്ലാന്റക്കു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്ത ക്രിസ്റ്റ്യൻ റൊമേരോ ഈ ട്രാൻസ്‌ഫർ പൂർത്തിയാക്കിയാൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുകയില്ല. ടോട്ടനം ഹോസ്‌പർ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് യോഗ്യത പോലും നേടിയിട്ടില്ലെന്നതു തന്നെയാണ് അതിനു കാരണം.

മാഞ്ചസ്റ്റർ യുണൈറ്റഡിനും ബാഴ്‌സലോണക്കും താൽപര്യമുണ്ടായിരുന്ന താരമായിരുന്നു റൊമേരോ. എന്നാൽ റാഫേൽ വരാനെ എത്തിയതു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡും സാമ്പത്തിക പ്രതിസന്ധികൾ കൊണ്ട് ബാഴ്‌സയും ട്രാൻസ്‌ഫർ നീക്കങ്ങളിൽ നിന്നും പിന്മാറി. 2026 വരെയാണ് റൊമേരോയുടെ ടോട്ടനം കരാറെന്നാണ് റിപ്പോർട്ടുകൾ.

facebooktwitterreddit