Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ നൂനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാനൊരുങ്ങി ടോട്ടനം

By Gokul Manthara
Tottenham Hotspur v Manchester United - Premier League
Tottenham Hotspur v Manchester United - Premier League / Catherine Ivill/GettyImages
facebooktwitterreddit

പ്രീമിയർ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ ദയനീയ തോൽവി ടോട്ടൻഹാം ഹോട്സ്പർ പരിശീലകൻ ന്യൂനോ എസ്പിരിറ്റോ സാന്റോയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും അദ്ദേഹത്തെ തൽസ്ഥാനത്ത്‌ നിന്ന് പുറത്താക്കുന്ന കാര്യം ടോട്ടനം ഇപ്പോൾ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ട്. ടോട്ടനത്തിന്റെ സമീപകാലപ്രകടനങ്ങളിൽ അസ്വസ്ഥരായ ആരാധകർ നേരത്തെ തന്നെ സാന്റോയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. അതിനിടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ക്ലബ്ബ് മറുപടിയില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെട്ടതും പിന്നാലെ സാന്റോയെ പുറത്താക്കുന്ന കാര്യം ക്ലബ്ബിന്റെ അധികാരികളും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതും.

2021-22 സീസണിൽ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ ഇതു വരെ കഴിഞ്ഞിട്ടില്ലാത്ത ടോട്ടനം, ചെൽസി, ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം, ആഴ്സനൽ എന്നിവർക്കെതിരായ നാല് ലണ്ടൻ ഡെർബികളിലും പരാജയം നുണഞ്ഞിരുന്നു. പ്രീമിയർ ലീഗിൽ ഇക്കുറി കളിച്ച പത്തു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും പരാജയപ്പെട്ട അവർ പോയിന്റ് പട്ടികയിൽ നിലവിൽ എട്ടാം സ്ഥാനത്താണുള്ളത്. ഈ സീസണിൽ ക്ലബ്ബ് കളിക്കുന്ന രീതിക്കെതിരെയും ആരാധകർക്കിടയിൽ വിമർശനം ശക്തമാണ്.

ന്യൂനോയുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് ടോട്ടൻഹാം ഹോട്സ്പറിന്റെ അധികാര ശ്രേണി അടിയന്തര ചർച്ചകൾ നടത്തുന്നുണ്ടെന്നും, നാൽപ്പത്തിയേഴുകാരനായ ഈ പോർച്ചുഗീസ് പരിശീലകനെ, പുറത്താക്കുന്നത് അവർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നുമാണ് ഇംഗ്ലീഷ് മാധ്യമമായ ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ.

അതേ സമയം ഹൊസെ മൗറീന്യോ പരിശീലകനായിരുന്ന സമയത്ത് കളിച്ചിരുന്നതിനേക്കാൾ മോശം ഫുട്ബോളാണ് നിലവിൽ ടോട്ടനം കളിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഫുട്ബോൾ വിദഗ്ദ്ധരുടെ വിലയിരുത്തൽ. കൃത്യമായ പദ്ധതികളോ ഫിലോസഫിയോ ഇല്ലാതെ കളിക്കുന്ന ടീമിന് സൂപ്പർ താരം ഹാരി കെയിനിന്റെ മങ്ങിയ ഫോമും സീസണിൽ കനത്ത തിരിച്ചടിയാവുന്നുണ്ട് എന്നത് വ്യക്തം.

facebooktwitterreddit