കോണ്ടേയുടെ ആവശ്യം പരിഗണിച്ച് ടോട്ടനം ഉടമകൾ, അടുത്ത സീസണിൽ സ്‌പർസ് കൂടുതൽ കരുത്തരാകും
By Sreejith N

മോശം അവസ്ഥയിലായിരുന്നു ടോട്ടനത്തിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം സീസൺ പൂർത്തിയായപ്പോൾ ക്ലബ്ബിനെ ടോപ് ഫോറിലെത്തിക്കാൻ ഇറ്റാലിയൻ പരിശീലകനായ അന്റോണിയോ കോണ്ടേക്കു കഴിഞ്ഞിരുന്നു. ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ഹാം മുതലായ ടീമുകളെ മറികടന്നാണ് ടോട്ടനം അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്.
ടോട്ടനം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയതോടെ സീസൺ അവസാനിക്കുന്നതിനു മുന്നോടിയായി കോണ്ടെ മുന്നോട്ടു വെച്ച ആവശ്യം പരിഗണിക്കാൻ ഒരുങ്ങുകയാണ് ക്ലബിന്റെ ഉടമകൾ. അടുത്ത സീസണിൽ ടീമിനെ കൂടുതൽ കരുത്തുറ്റതാക്കാൻ 150 മില്യൺ പൗണ്ടാണ് ടോട്ടനം ഉടമകളായ ഇഎൻഐസി സ്പോർട്സ് അനുവദിച്ചിരിക്കുന്നത്.
Antonio Conte gets his way as Tottenham hierarchy make statement with £150million cash injection https://t.co/wKJkkJH9L1
— Times Sport (@TimesSport) May 24, 2022
2019ൽ പുതിയ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കിയ ടോട്ടനം കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ക്ലബിന്റെ പരിശീലന മൈതാനങ്ങൾക്കും വേണ്ടി നിക്ഷേപങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ക്ലബ്ബിലേക്ക് കൂടുതൽ തുക അനുവദിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിൽ കൂടുതൽ നേട്ടങ്ങൾക്കായി പൊരുതാൻ ഇതു ക്ലബ്ബിനെ സഹായിക്കുമെന്നാണ് ടോട്ടനം ചെയർമാൻ ഡാനിയൽ ലേവി പറയുന്നത്.
കഴിഞ്ഞ നവംബറിൽ ടോട്ടനം എട്ടാം സ്ഥാനത്തു നിൽക്കുമ്പോൾ പരിശീലകനായി ചുമതല ഏറ്റെടുത്ത അന്റോണിയോ കോണ്ടെയെ സംബന്ധിച്ച് കൂടുതൽ തുക ക്ലബ് അനുവദിച്ചത് വലിയ നേട്ടമാണ്. ജനുവരിയിൽ കോണ്ടെ ടീമിലെത്തിച്ച താരങ്ങളെല്ലാം മികച്ച പ്രകടനം ക്ലബിനായി നടത്തുന്നുണ്ട് എന്നതിനാൽ സമ്മറിൽ കൂടുതൽ താരങ്ങളെ സ്വന്തമാക്കി അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം തന്നെയാകും ടോട്ടനം ലക്ഷ്യമിടുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.