ഇത്തവണ നടക്കുക തുറന്ന പോരാട്ടം, പ്രീമിയർ ലീഗ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമിനെ വെളിപ്പെടുത്തി പെപ് ഗ്വാർഡിയോള

Nov 22, 2020, 5:18 PM GMT+5:30
Pep Guardiola
Manchester City v Olympiacos FC: Group C - UEFA Champions League | Laurence Griffiths/Getty Images
facebooktwitterreddit

പ്രീമിയർ ലീഗ് കിരീടത്തിനായി ഏറ്റവും തുറന്ന പോരാട്ടം നടക്കുന്ന സീസണായിരിക്കും ഇത്തവണത്തേതെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ വെളിപ്പെടുത്തൽ. അതേ സമയം, നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജോസെ മൗറീന്യോ പരിശീലകനായ ടോട്ടനം ഹോട്സ്‌പർ ഇത്തവണ കിരീടം നേടാൻ വളരെയധികം സാധ്യതയുണ്ടെന്നും അദ്ദേഹം ഇന്നലത്തെ മത്സരത്തിനു ശേഷം പറഞ്ഞു.

ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനം ഹോട്സ്പറും തമ്മിൽ നടന്ന മത്സരം മൗറീന്യോയുടെ ഡിഫെൻസിവ് മാസ്റ്റർക്ലാസിനാണ് സാക്ഷ്യം വഹിച്ചത്. തന്റെ സ്വാഭാവികമായ ശൈലിയിൽ പ്രതിരോധത്തിലൂന്നി ടീമിനെ ഒരുക്കിയ മൗറീന്യോ സിറ്റിയുടെ ആക്രമണ നിരയെ ഫലപ്രദമായി തടഞ്ഞു നിർത്തുകയും പ്രത്യാക്രമണങ്ങളിലൂടെ നേടിയ രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കുകയുമായിരുന്നു. ഇതോടെയാണ് താൽക്കാലികമായി ടോട്ടനം ലീഗിൽ ഒന്നാം സ്ഥാനത്തെത്തിയത്.

"ടോട്ടനമാണ് പ്രീമിയർ ലീഗിൽ നിലവിൽ ഒന്നാമതുള്ളത്. അതുകൊണ്ട് തന്നെ ലീഗിൽ കിരീടസാധ്യത മറ്റുള്ളവരെക്കാൾ സാധ്യത അവർക്കു തന്നെയാണ്," മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഗ്വാർഡിയോള പറഞ്ഞു.

"ഇനിയും നിരവധി പോയിന്റുകൾക്കായുള്ള മത്സരങ്ങൾ പൂർത്തിയാക്കാനുണ്ട്. ഞങ്ങൾ ഒരു മത്സരം കുറച്ചു കളിച്ച് എട്ടു പോയിന്റ് പിന്നിലാണ്‌, നിരവധി ടീമുകൾ ഞങ്ങൾക്കു മുന്നിലുണ്ട്. മത്സരങ്ങൾ വിജയിച്ചു തുടങ്ങാൻ ഞങ്ങൾക്കായില്ലെങ്കിൽ ഒന്നും സാധ്യമാവില്ലെന്നറിയാം. അതു തന്നെയാണ് ഞങ്ങൾക്കു ചെയ്യാനുള്ളതും."

"സിറ്റിയിലെത്തിയ ആദ്യ സീസണിന്റെ തുടക്കം വളരെ മത്സരം നിറഞ്ഞതായിരുന്നെങ്കിലും അവസാനം ചെൽസി മുന്നിലെത്തി. അതേസമയം രണ്ട്, മൂന്ന്, നാല് സീസണുകളിൽ വളരെ വ്യക്തമായി സിറ്റി രണ്ടു തവണയും ഒരിക്കൽ ലിവർപൂളും കിരീടം സ്വന്തമാക്കി. വളരെ തുറന്ന പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നാണ് കരുതേണ്ടത്. എന്നാൽ ഒൻപതു മത്സരങ്ങൾ മാത്രമേ പൂർത്തിയായിട്ടുള്ളു എന്നതു കൊണ്ട് വ്യക്തമായ ചിത്രം ലഭിക്കാറായിട്ടില്ല." ഗ്വാർഡിയോള വ്യക്തമാക്കി.

ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ലൈസ്റ്റർ സിറ്റി ടോട്ടനത്തെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറും. അതേ സമയം മാഞ്ചസ്റ്റർ സിറ്റി ലീഗിലിപ്പോൾ പതിനൊന്നാം സ്ഥാനത്താണ്.

facebooktwitterreddit