2021ലെ പ്രധാനപ്പെട്ട ഏഴ് ഇന്ത്യൻ ഫുട്ബോൾ സംഭവങ്ങള്‍

Sunil Chhetri
Sunil Chhetri / Matthew Ashton - AMA/GettyImages
facebooktwitterreddit

വളര്‍ച്ചയുടെ പാതയില്‍ അനുസ്യൂതം മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. പുരുഷ, വനിതാ ടീമുകള്‍ ദിനംപ്രതി മികച്ച നേട്ടങ്ങള്‍ കൊയ്ത്‌കൊണ്ടിരിക്കുകയാണ്. 2021ല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ നേട്ടങ്ങളൊന്നുമില്ലെങ്കിലും മുന്നോട്ടുള്ള യാത്രയില്‍ 2021ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പിന്നിട്ട നാഴികക്കല്ലുകളെ കുറിച്ചാണ് താഴെ വിവരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പെലെയുടെ റെക്കോര്‍ഡ് തകര്‍ത്തത്, ഇന്ത്യ എട്ടാം സാഫ് കിരീടത്തില്‍ മുത്തമിട്ടത് തുടങ്ങി നിരവധി മുഹൂര്‍ത്തങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിലുണ്ടായിട്ടുണ്ട്. എന്തെല്ലാമാണ് 2021 പ്രധാന നേട്ടങ്ങള്‍ എന്ന് പരിശോധിക്കാം.

7. എഎഫ്‌സി വനിതാ ക്ലബ് ചാംപ്യന്‍ഷിപ്പില്‍ അരങ്ങേറി ഗോകുലം കേരളയുടെ വനിതാ ടീം

ഫുട്‌ബോളിനെ പാലും തേനും ഊട്ടി വളര്‍ത്തുന്നതില്‍ പേരുകേട്ട ക്ലബാണ് ഗോകുലം കേരള എഫ്.സി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഗോകുലം കേരളയുടെ ട്രോഫി ഷെല്‍ഫില്‍ ഐ ലീഗ് കിരീടം, വനിതാ ലീഗ് കിരീടം തുടങ്ങി ഒരുപാട് കിരീടങ്ങള്‍ എത്തിയിട്ടുണ്ട്. പുരുഷ, വനിതാ ഫുട്‌ബോളിനെ ഇത്രമേല്‍ പ്രോല്‍സാഹിപ്പിക്കുന്ന ഗോകുലം കേരളയുടെ വനിതാ ടീം ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി വനിതാ എ.എഫ്.സി ക്ലബ് ചാംപ്യന്‍ഷിപ്പ് കളിക്കുന്ന ക്ലബായി മാറിയത് 2021ലായിരുന്നു.

6. ബ്രസീലിനെതിരേ ഇന്ത്യയുടെ ആദ്യ ഗോള്‍ സ്‌കോററായി മനീഷ കല്യാണ്‍

ബ്രസീല്‍ സീനിയര്‍ ടീമിനെതിരേ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചരിത്രത്തില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ് ഇന്ത്യയുടെ യുവ താരം മനീഷ കല്യാണ്‍. കഴിഞ്ഞ മാസം ബ്രസീലില്‍ സമാപിച്ച ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റിലായിരുന്നു മനീഷ ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഗോള്‍ നേടിയത്

5. ഗോകുലം കേരള എഫ്.സി ഐ ലീഗ് ചാംപ്യന്‍മാരായി

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫുട്‌ബോള്‍ മലയാളത്തിന് ആനന്ദിക്കാന്‍ ലഭിച്ച അവസരമായിരുന്നു 2021. ഐ ലീഗ് ചാംപ്യന്‍മാരായതോടെ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബ് എന്ന പൊന്‍തൂവൽ ഇപ്പോള്‍ ഗോകുലം കേരളയുടെ കിരീടത്തിലാണ്. കിരീടം നിലനിര്‍ത്തുന്നതിനുള്ള കഠിന ശ്രമത്തില്‍ ഗോകുലം കേരള എഫ്.സി ടീം ഇപ്പോള്‍ കൊല്‍ക്കത്തയിലാണ്.

4. മുംബൈ സിറ്റി എഫ്.സി ഐ.എസ്.എല്‍ ചാംപ്യന്‍മാരായത്

മുംബൈ സിറ്റിയുടെ ഐ.എസ്.എല്‍ കിരീട നേട്ടമായിരുന്നു ഈ വര്‍ഷത്തെ ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രധാനമായ മറ്റൊരു സംഭവം. മൂന്ന് തവണ കിരീട ജേതാക്കളായ എ.ടി.കെ മോഹന്‍ ബഗാനെ 90ം മിനുട്ടില്‍ ബിപിന്‍ സിങ്ങിന്റെ ഗോളിലായിരുന്നു മുംബൈ പരാജയപ്പെടുത്തി ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിട്ടത്.

3. എ.എഫ്.സി ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ആദ്യ ഐ.എസ്.എല്‍ ടീമായി എഫ്.സി ഗോവ

എ.എഫ്.സി ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ആദ്യ ഐ.എസ്.എല്‍ ടീമായി എഫ്.സി ഗോവ മാറിയത് 2021ലായിരുന്നു. ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനത്തെത്താനെ ഗോവക്ക് കഴിഞ്ഞുള്ളു.

2. എട്ടാം സാഫ് കിരീടം നേടി ഇന്ത്യ

സാഫ് ചാംപ്യൻഷിപ് കിരീടം ഇന്ത്യ തിരിച്ചുപിടിച്ചത് 2021ലെ പ്രധാന സംഭവമായിരുന്നു. സുനില്‍ ഛേത്രി, സുരേഷ് സിങ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് തുടങ്ങിയവരുടെ ഗോളിന്റെ കരുത്തിലായിരുന്നു ഇന്ത്യ സാഫ് കിരീടം സ്വന്തമാക്കിയത്. ഇതോടെ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ജിറി പെസക് എന്നിവര്‍ക്ക് ശേഷം സാഫ് കിരീടം നേടുന്ന വിദേശ പരിശീലകനാകാന്‍ ഇഗോര്‍ സ്റ്റിമാച്ചിനും കഴിഞ്ഞു.

1. സുനില്‍ ഛേത്രി പെലെയുടെ റെക്കോര്‍ഡ് തകര്‍ത്തത്

Sunil Chhetri
India v Bahrain - AFC Asian Cup Group A / Matthew Ashton - AMA/GettyImages

ഇന്ത്യന്‍ ഫുട്‌ബോളിന് അന്താരാഷ്ട്രതലത്തില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ഏക സംഭവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോള്‍ നേട്ടം. 80 അന്താരാഷ്ട്ര ഗോളുകളുമായി പെലെയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം മറികടക്കാനും, ലയണല്‍ മെസ്സിയുടെ ഗോള്‍ നേട്ടത്തിനൊപ്പം എത്താനും ഛേത്രിക്ക് കഴിഞ്ഞു. മൂന്ന് ലോകകപ്പ് കിരീടം സ്വന്തമാക്കിയ പെലെക്ക് ബ്രസീലിനായി 77 ഗോളുകളാണ് നേടിയിട്ടുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.