നാലു ലീഗുകളിലെ വമ്പൻ ക്ലബുകൾക്ക് ഡിബാലയെ വേണം


യുവന്റസിന്റെ അർജന്റീനിയൻ മുന്നേറ്റനിര താരമായ പൗളോ ഡിബാലയെ സ്വന്തമാക്കാൻ യൂറോപ്പിലെ നാല് ലീഗുകളിൽ നിന്നുള്ള വമ്പൻ ക്ലബുകൾ രംഗത്ത്. ട്രാൻസ്ഫർ മാർക്കറ്റ് ജേണലിസ്റ്റായ നിക്കോളോ ഷിറയുടെ റിപ്പോർട്ടുകൾ പ്രകാരം ഡിബാലക്കായി പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലും താൽപര്യം പ്രകടിപ്പിച്ചതോടെ സമ്മറിൽ മത്സരം മുറുകുമെന്നുറപ്പായി.
ഈ സീസണു ശേഷം യുവന്റസുമായുള്ള ഡിബാലയുടെ കരാർ അവസാനിക്കാനിരിക്കെ അതു പുതുക്കുന്നില്ലെന്ന കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്. ഇതോടെ വർഷങ്ങളായി യുവന്റസിന്റെ പ്രധാന കളിക്കാരനും യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരനായ ഒരു താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാനുള്ള അവസരമാണ് ക്ലബുകൾക്കു വന്നു ചേർന്നിരിക്കുന്നത്.
#Arsenal have asked info for Paulo #Dybala last week, but #Inter (there will be a new meeting with his agent J.Antun in the next days) and #PSG are still leading the race to sign Paulo #Dybala as a free agent. #AtleticoMadrid are also interested in Joya. #transfers #AFC https://t.co/GA6Kx70zya
— Nicolò Schira (@NicoSchira) April 7, 2022
റിപ്പോർട്ടുകൾ പ്രകാരം ആഴ്സണലിനു പുറമെ പിഎസ്ജി, ഇന്റർ മിലാൻ, അത്ലറ്റികോ മാഡ്രിഡ് എന്നിവരാണ് താരത്തിനായി രംഗത്തുള്ളത്. ഇതിൽ ഇന്റർ, പിഎസ്ജി എന്നിവയിലേക്ക് താരം ചേക്കേറാൻ സാധ്യത കൂടുതലാണ്. ഇന്റർ പ്രതിനിധികൾ ഡിബാലയുടെ ഏജന്റുമായി ചർച്ചകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.
ഡിബാലയെ സംബന്ധിച്ച് നിർണായകമാണ് ഈ സമ്മർ ട്രാൻസ്ഫർ ജാലകം. ലോകകപ്പ് വരാനിരിക്കെ സ്ഥിരമായി അവസരം ലഭിക്കുന്ന ഒരു ടീമിനെ തിരഞ്ഞെടുത്ത് മികച്ച പ്രകടനം നടത്തി ടൂർണ്ണമെന്റിനുള്ള ടീമിൽ ഇടം നേടാനായിരിക്കും ഡിബാല ശ്രമിക്കുക. കൂടുതൽ ക്ലബുകൾ ഓഫറുകൾ നൽകാൻ സാധ്യത ഉള്ളതിനാൽ ഇപ്പോൾ തന്നെ ഭാവിയെക്കുറിച്ച് താരം തീരുമാനം എടുക്കാൻ സാധ്യതയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.