Football in Malayalam

2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ ഏറ്റവും മികച്ച 11 ട്രാൻസ്‌ഫറുകൾ

Sreejith N
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images
facebooktwitterreddit

ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് അവിശ്വസനീയമായ സംഭവങ്ങളാണ് ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഉണ്ടായത്. കോവിഡ് മഹാമാരി മൂലം നിരവധി ക്ലബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണപ്പോൾ പല സൂപ്പർ താരങ്ങളും മറ്റു ടീമുകളിലേക്ക് ചേക്കേറുന്നതിന് അതിടവരുത്തി. അതുകൊണ്ടു തന്നെ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിങ്ങനെയുള്ള സൂപ്പർ താരങ്ങളുടെ ട്രാൻസ്ഫറുകളും ഈ സമ്മറിൽ കാണേണ്ടി വന്നു.

യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ലബുകളിൽ ഒന്നായ പിഎസ്‌ജിയാണ് സമ്മർ ജാലകത്തിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. മികച്ച താരങ്ങളെ പണമെറിഞ്ഞു സ്വന്തമാക്കുന്ന കാര്യത്തിൽ പ്രീമിയർ ലീഗ് ക്ലബുകളും മോശമല്ലായിരുന്നു. ട്രാൻസ്‌ഫർ വിൻഡോ അടച്ച് അഞ്ചു ദിവസം പിന്നിട്ടിരിക്കെ ഈ സമ്മറിലെ ഏറ്റവും മികച്ച 11 ട്രാൻസ്ഫറുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

1. ലയണൽ മെസി (ബാഴ്‌സലോണ - പിഎസ്‌ജി)

FBL-FRA-LIGUE1-REIMS-PSG
FBL-FRA-LIGUE1-REIMS-PSG / FRANCK FIFE/Getty Images

ഫുട്ബോൾ കരിയർ തന്നെ ബാഴ്‌സയിൽ അവസാനിപ്പിക്കും എന്നു പ്രതീക്ഷിച്ചിരുന്ന ലയണൽ മെസി ക്ലബ് വിട്ടത് എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിപ്പിച്ച വാർത്തയായിരുന്നു. സാമ്പത്തിക പ്രതിസന്ധികൾ മൂലം മെസിക്ക് പുതിയ കരാർ ഓഫർ ചെയ്യാൻ ബാഴ്‌സലോണക്ക് കഴിയാത്തതിനെ തുടർന്നാണ് താരം ക്ലബ് വിട്ടു ഫ്രീ ട്രാൻസ്‌ഫറിൽ ഫ്രഞ്ച് ക്ലബിലേക്കു ചേക്കേറിയത്. രണ്ടു വർഷത്തെ കരാറിൽ ഫ്രാൻസിലെത്തിയ മെസി ക്ലബിനായി അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

2. ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്റസ് - മാഞ്ചസ്റ്റർ യുണൈറ്റഡ്)

Cristiano Ronaldo - Soccer Player
Portugal v Republic of Ireland - World Cup 2022 Qualifier / Gualter Fatia/Getty Images

ലയണൽ മെസിയുടെ ട്രാൻസ്‌ഫർ പോലെ ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവും. താരം യുവന്റസിൽ തുടരുമെന്ന് ഇറ്റാലിയൻ ക്ലബ് ആവർത്തിച്ചു പറഞ്ഞിരുന്ന സമയത്താണ് ആദ്യം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായതിനു ശേഷം പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് താരമെത്തുന്നത്. 12 മില്യൺ പൗണ്ടാണ് യുണൈറ്റഡ് റൊണാൾഡോക്കു വേണ്ടി മുടക്കിയത്.

3. ജിയാൻലൂയിജി ഡോണറുമ്മ (എസി മിലാൻ - പിഎസ്‌ജി)

Gianluigi Donnarumma
Italy v Bulgaria - 2022 FIFA World Cup Qualifier / Alessandro Sabattini/Getty Images

ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവഗോൾകീപ്പർമാരിൽ ഒരാളായ ഡോണറുമ്മയെ യൂറോ കപ്പ് അവസാനിച്ചതിനു പിന്നാലെയാണ് പിഎസ്‌ജി സ്വന്തമാക്കിയത്. യൂറോ കപ്പ് കിരീടം ഇറ്റലിക്ക് സ്വന്തമാക്കി നൽകാൻ നിർണായക പങ്കു വഹിച്ച താരത്തെ വലിയ കരാർ നൽകിയാണ് പിഎസ്‌ജി ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയത്. ഇതോടെ ചുരുങ്ങിയത് പത്തു വർഷത്തേക്ക് ഗോൾവല കാക്കാൻ മറ്റൊരു താരത്തെ പിഎസ്‌ജി അന്വേഷിക്കേണ്ടി വരില്ല.

4. റാഫേൽ വരാൻ (റയൽ മാഡ്രിഡ് - മാഞ്ചസ്റ്റർ യുണൈറ്റഡ്)

Raphaël Varane
Wolverhampton Wanderers v Manchester United - Premier League / Visionhaus/Getty Images

കഴിഞ്ഞ സീസണിൽ പ്രതിരോധത്തിലുണ്ടായ പിഴവുകൾ പരിഹരിക്കാൻ വേണ്ടി വളരെ മികച്ചൊരു താരത്തെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞു. റയലിനൊപ്പം ട്രിപ്പിൾ ചാമ്പ്യൻസ് ലീഗും ഫ്രാൻസിനൊപ്പം ലോകകിരീടവും നേടിയിട്ടുള്ള വരാനയെ 41 മില്യൺ പൗണ്ട് മുടക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചത്.

5. സെർജിയോ റാമോസ് (റയൽ മാഡ്രിഡ്-പിഎസ്‌ജി)

Sergio Ramos
Sergio Ramos / John Berry/Getty Images

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ സെർജിയോ റാമോസിനെ ഫ്രീ ട്രാൻസ്ഫറിലാണ് പിഎസ്‌ജി സ്വന്തമാക്കിയത്. പിഎസ്‌ജിക്ക് വേണ്ടി റാമോസ് ഇത് വരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും, താരത്തിന്റെ പരിചയസമ്പത്തും കഴിവും ഫ്രഞ്ച് ക്ലബിന്റെ പ്രതിരോധത്തെ കൂടുതൽ കരുത്തുറ്റതാക്കും. ചാമ്പ്യൻസ് ലീഗ് കിരീടം നാല് തവണ സ്വന്തമാക്കിയ റാമോസ് ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിടുന്ന പിഎസ്‌ജിക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.

6. റൊമേലു ലുക്കാക്കു (ഇന്റർ മിലാൻ - ചെൽസി)

Romelu Lukaku
Liverpool v Chelsea - Premier League / Michael Regan/Getty Images

കഴിഞ്ഞ സീസണിൽ ഇന്റർ മിലാനു സീരി എ കിരീടം സ്വന്തമാക്കി നൽകുന്നതിൽ നിർണായക സാന്നിധ്യം ആയിരുന്ന ലുക്കാക്കുവിനെ മുന്നേറ്റനിരയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് ചെൽസി 98 മില്യൺ പൗണ്ടോളം മുടക്കി സ്വന്തം തട്ടകത്തിൽ എത്തിച്ചത്. ടുഷെൽ പരിശീലകനായി എത്തിയതിനു ശേഷം അസാമാന്യ ഫോമിൽ കളിക്കുന്ന ചെൽസി ഇതോടെ യൂറോപ്പിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമായി മാറിയിട്ടുണ്ട്.

7. മെംഫിസ് ഡീപേയ് (ലിയോൺ - ബാഴ്‌സലോണ)

Memphis Depay
Netherlands v Montenegro - 2022 FIFA World Cup Qualifier / BSR Agency/Getty Images

കഴിഞ്ഞ സമ്മറിൽ തന്നെ ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിച്ച മെംഫിസ് ഡീപേ ഈ സമ്മറിൽ ഫ്രീ ട്രാൻസ്ഫറിലാണ് ക്ലബിൽ എത്തിയത്. മെസിക്കു പകരക്കാരനാവാൻ കഴിയില്ലെങ്കിലും ഇക്കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ താരം ആരാധകർക്ക് പ്രതീക്ഷ നൽകിക്കഴിഞ്ഞു.

8. ഡേവിഡ് അലബ (ബയേൺ മ്യൂണിക്ക് - റയൽ മാഡ്രിഡ്)

David Alaba
Real Betis Sevilla v Real Madrid - La Liga Santander / Soccrates Images/Getty Images

കരാർ പുതുക്കുന്ന കാര്യത്തിൽ ബയേൺ മ്യൂണിക്കുമായി ധാരണയിൽ ആവാത്തതിനെ തുടർന്നാണ് ഫ്രീ ട്രാൻസ്ഫറിൽ ഡേവിഡ് അലബ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. സെർജിയോ റാമോസ്, റാഫേൽ വരാൻ എന്നീ കരുത്തുറ്റ താരങ്ങൾ ക്ലബ് വിട്ടതിന്റെ അഭാവം പരിഹരിക്കാൻ ഓസ്ട്രിയൻ താരത്തിന്റെ സാന്നിധ്യം കൊണ്ടു കഴിയുമെന്നാണ് റയൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

9. ജാഡൻ സാഞ്ചോ (ബൊറൂസിയ ഡോർട്മുണ്ട് - മാഞ്ചസ്റ്റർ യുണൈറ്റഡ്)

Jadon Sancho
Wolverhampton Wanderers v Manchester United - Premier League / James Gill - Danehouse/Getty Images

പ്രീമിയർ ലീഗ് കിരീടം ഇത്തവണ നേടുന്നതിനു വേണ്ടി ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം തന്നെ ടീമിലെത്തിച്ച കളിക്കാരൻ ജാഡൻ സാഞ്ചോയാണ്. വളരെക്കാലമായി നോട്ടമിട്ടിരുന്ന ബൊറൂസിയ ഡോർട്മുണ്ട് താരത്തിനു വേണ്ടി 73 മില്യൺ യൂറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയത്. മുൻപ് മാഞ്ചസ്റ്റർ സിറ്റി അക്കാദമി താരമായിരുന്ന സാഞ്ചോക്ക് ഇംഗ്ലണ്ടിലേക്കുള്ള രണ്ടാം വരവു കൂടിയാണിത്.

10. അന്റോയിൻ ഗ്രീസ്‌മൻ (ബാഴ്‌സലോണ - അത്ലറ്റികോ മാഡ്രിഡ്)

Antoine Griezmann
France v Bosnia-Herzegovina - 2022 FIFA World Cup Qualifier / John Berry/Getty Images

മെസി ടീം വിട്ടതിനു പകരക്കാരനാവാൻ അന്റോയിൻ ഗ്രീസ്‌മനു കഴിയുമെന്ന പ്രതീക്ഷയിൽ ആരാധകർ നിൽക്കുമ്പോഴാണ് ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം താരത്തെ ഒഴിവാക്കാൻ ബാഴ്‌സലോണ തീരുമാനിക്കുന്നത്. തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം ഇതുവരെയും ബാഴ്‌സയിൽ നടത്താൻ കഴിയാത്ത താരത്തെ ലോണിൽ സ്വന്തമാക്കിയതോടെ ഈ സീസണിലും കിരീടസാധ്യത വർധിപ്പിക്കാൻ അത്ലറ്റികോ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്.

11. അഷ്‌റഫ് ഹക്കിമി (ഇന്റർ മിലാൻ - പിഎസ്‌ജി)

Achraf Hakimi
Stade de Reims v Paris Saint Germain - Ligue 1 / John Berry/Getty Images

റയൽ മാഡ്രിഡിൽ നിന്നും ഇന്ററിലേക്ക് ചേക്കേറിയ ഹക്കിമി കഴിഞ്ഞ സീസണിലെ സീരി എ കിരീടനേട്ടത്തിൽ സുപ്രധാന പങ്കു വഹിച്ചതിനു പിന്നാലെയാണ് പിഎസ്‌ജിയിൽ എത്തിയത്. അറുപതു മില്യൺ പൗണ്ട് മുടക്കി മൊറോക്കൻ താരത്തെ എത്തിച്ചതോടെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുന്ന കരുത്തരായ സംഘമായി പിഎസ്‌ജി മാറിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit