Football in Malayalam

കഴിഞ്ഞ ദശാബ്‌ദത്തിലെ ഏറ്റവും മികച്ച പത്തു പോരാട്ടങ്ങൾ

Sreejith N
facebooktwitterreddit

ആരാധകർ ഒരിക്കലും മറക്കാത്ത, ഇപ്പോൾ ആലോചിക്കുമ്പോഴും ആവേശം നൽകുന്ന നിരവധി ഫുട്ബോൾ പോരാട്ടങ്ങൾ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നടന്നിട്ടുണ്ട്. ലോകകപ്പിലും ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ലാ ലീഗയിലുമെല്ലാം അത്തരം പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. അതിൽ പിന്നിൽ നിന്നുമുള്ള തിരിച്ചു വരവും ഗോളുകൾ കൊണ്ടുള്ള ഉത്സവവും വമ്പന്മാരുടെ സമ്പൂർണമായ തകർച്ചയുമെല്ലാം ഉൾപ്പെടുന്നുണ്ട് . 90Min തിരഞ്ഞെടുത്ത കഴിഞ്ഞ ദശാബ്‌ദത്തിലെ ഏറ്റവും മികച്ച പത്തു മത്സരങ്ങൾ അറിയാം.

10. ബാഴ്‌സലോണ 2-2 ചെൽസി, ഏപ്രിൽ 2012

Lionel Messi
FC Barcelona v Chelsea FC - UEFA Champions League Semi Final / Shaun Botterill/GettyImages

യൂറോപ്പിലെ വൻശക്തികളായി ചെൽസി ഉയർന്നു വന്നിട്ട് വളരെയേറെ വർഷങ്ങളായിട്ടുണ്ടാവില്ല. ചെൽസിയുടെ കുതിപ്പിന്റെ സമയത്താണ് ആ സമയത്തെ യൂറോപ്യൻ ചാമ്പ്യന്മാരും ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നുമായ ബാഴ്‌സലോണയെ അവർ ചാമ്പ്യൻസ് ലീഗ് സെമിയിൽ മറികടക്കുന്നത്. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് വിജയം നേടിയ ചെൽസി രണ്ടാം പാദത്തിൽ ഫെർണാണ്ടോ ടോറസ് അവസാന മിനുട്ടിൽ നേടിയ ഗോളിൽ സമനില നേടി ഫൈനലിലേക്ക് യോഗ്യത നേടുകയും പിന്നീട് കിരീടം ഉയർത്തുകയും ചെയ്‌തു.

9. ലിവർപൂൾ 4-0 ബാഴ്‌സലോണ, മെയ് 2019

Divock Origi
Liverpool v Barcelona - UEFA Champions League Semi Final: Second Leg / Robbie Jay Barratt - AMA/GettyImages

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി 3-0ത്തിനു ആദ്യപാദത്തിൽ തോറ്റതിനെ രണ്ടാം പാദത്തിൽ മറികടക്കുന്ന ടീമായി ലിവർപൂൾ മാറിയ മത്സരം ബാഴ്‌സ ആരാധകർക്ക് അക്ഷരാർത്ഥത്തിൽ ദുരന്തമായിരുന്നു. അതിനു മുൻപത്തെ സീസണിൽ റോമയോട് തോറ്റതിന്റെ ഓർമ്മകൾ വേട്ടയാടി ബാഴ്‌സലോണ ആരാധകർ കളി മറന്നപ്പോൾ ലിവർപൂളിനത് ആഘോഷരാവായി. ഈ വിജയത്തോടെ ഫൈനലിൽ എത്തിയ അവർ കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

8. സ്പെയിൻ 1-5 നെതർലാൻഡ്‌സ്, ജൂൺ 2014

Robin van Persie
Spain v Netherlands: Group B - 2014 FIFA World Cup Brazil / Jeff Gross/GettyImages

2014 ലോകകപ്പിൽ നടന്ന ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ നിലവിലെ ചാമ്പ്യന്മാരായി എത്തിയ സ്പെയിനെ ഗോൾമഴയിൽ മുക്കിയാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ നെതർലാൻഡ്‌സ് ജയിച്ചു കേറിയത്. 2008 മുതൽ 2012 വരെയുള്ള കാലയളവിൽ മൂന്നു പ്രധാന ടൂർണമെന്റുകൾ വിജയിച്ച സ്പെയിനെ ഭൂമിയിലേക്കിറക്കിയ മത്സരമായിരുന്നു അത്. സ്പെയിൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്‌തു.

7. റയൽ മാഡ്രിഡ് 2-3 ബാഴ്‌സലോണ, ഏപ്രിൽ 2017

Lionel Messi
Real Madrid CF v FC Barcelona - La Liga / David Ramos/GettyImages

ലയണൽ മെസിയുടെ ഈ ഗോളാഘോഷത്തിന്റെ പേരിൽ കൂടിയാണ് ഈ മത്സരം ഓർമിക്കപ്പെടുക. ലീഗ് ടേബിളിൽ റയൽ മാഡ്രിഡിനെക്കാൾ മൂന്നു പോയിന്റ് പിന്നിലായിരുന്നപ്പോഴാണ് ബാഴ്‌സ അവരുടെ മൈതാനത്തു നടന്ന മത്സരത്തിൽ വിജയം കുറിക്കുന്നത്. ഇഞ്ചുറി ടൈമിൽ ടീമിന്റെ വിജയഗോൾ നേടിയ മെസി തന്റെ അഞ്ഞൂറാമത്തെ ഗോൾ കൂടിയായിരുന്നു നേടിയത്.

6. മാഞ്ചസ്റ്റർ സിറ്റി 4-3 ടോട്ടനം, ഏപ്രിൽ 2019

Victor Wanyama
Manchester City v Tottenham Hotspur - Premier League / Visionhaus/GettyImages

ഫലം ഇങ്ങനെയാണെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങളെ തല്ലിക്കൊഴിക്കുകയാണ് ഈ മത്സരം ചെയ്‌തത്‌. ആദ്യപാദത്തിൽ ഒരു ഗോളിന് വിജയം നേടിയ ടോട്ടനം രണ്ടാം പാദത്തിൽ സിറ്റിയുടെ മൈതാനത്ത് നേടിയ മൂന്നു ഗോളുകളുടെ പിൻബലത്തിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയാണ് ചെയ്‌തത്‌. ആ സീസണിൽ ആദ്യമായി ടോട്ടനം ഹോസ്‌പർ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുകയും ചെയ്‌തു.

5. അയാക്‌സ് 2-3 ടോട്ടനം, മെയ് 2019

Frenkie de Jong
Ajax v Tottenham Hotspur - UEFA Champions League Semi Final: Second Leg / Etsuo Hara/GettyImages

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിലെ തിരിച്ചു വരവിനു ശേഷം അടുത്ത റൗണ്ടിലും ആവേശകരമായ മത്സരമാണ് ടോട്ടനം ഹോസ്‌പർ നടത്തിയത്. റയൽ മാഡ്രിഡിനെയും യുവന്റസിനെയും തോൽപ്പിച്ചെത്തിയ അയാക്‌സിനെയാണ് രണ്ടാം പാദത്തിൽ പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ച് ടോട്ടനം തോൽപ്പിച്ചത്. മത്സരത്തിന്റെ അവസാന മിനുട്ടിലാണ് ടോട്ടനത്തെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച ആ ഗോൾ വന്നതെന്നത് മത്സരത്തെ കൂടുതൽ ആവേശകരമാക്കി.

4. ബാഴ്‌സലോണ 2-8 ബയേൺ മ്യൂണിക്ക്, ഓഗസ്റ്റ് 2020

Philippe Coutinho
Barcelona v Bayern Munich - UEFA Champions League Quarter Final / Pool/GettyImages

ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവികളിലൊന്ന് ഏറ്റു വാങ്ങിയത് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലായിരുന്നു. ഒട്ടനവധി ആഭ്യന്തര പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്ന ബാഴ്‌സലോണ അന്ന് ബയേൺ മ്യൂണിക്കിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ ഉഴറുകയായിരുന്നു. ആ സീസണിൽ ബയേൺ തന്നെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്‌തു.

3. മാഞ്ചസ്റ്റർ സിറ്റി 3-2 ക്യൂപിആർ, മെയ് 2012

Manchester City's Argentinian striker Se
Manchester City's Argentinian striker Se / PAUL ELLIS/GettyImages

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ചൊരു ക്ളൈമാക്സ് കൂടിയാണ് ഈ മത്സരം സമ്മാനിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന മത്സരം വിജയിച്ച് ലീഗ് പോയിന്റ് ടേബിളിൽ മുന്നിലെത്തി കിരീടമുറപ്പിക്കാൻ സിറ്റിയുടെ മത്സരത്തിന്റെ ഫലം കാത്തിരിക്കുന്നു. 2-1നു പിന്നിൽ നിൽക്കുകയായിരുന്ന സിറ്റി സ്റ്റോപ്പേജ് ടൈമിൽ സീക്കോ, അഗ്യൂറോ എന്നിവരിലൂടെ ഗോളുകൾ തിരിച്ചടിച്ച് വിജയം നേടി പോയിന്റ് ടേബിളിൽ മുന്നിലേക്ക് കുതിക്കുന്നു, ആദ്യ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നു.

2. ബാഴ്‌സലോണ 6-1 പിഎസ്‌ജി , മാർച്ച് 2017

Lionel Messi, Javier Mascherano, Gerard Pique
FC Barcelona v Paris Saint-Germain - UEFA Champions League Round of 16: Second Leg / Vladimir Rys Photography/GettyImages

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചു വരവുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മത്സരം. ആദ്യപാദത്തിൽ പാർക് ഡി പ്രിൻസിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർന്നടിഞ്ഞ ബാഴ്‌സലോണ രണ്ടാം പാദത്തിൽ ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വരികയും ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയം സ്വന്തമാക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌തു.

1. ബ്രസീൽ 1-7 ജർമനി ജൂലൈ 2014

Benedikt Hoewedes, Andre Schuerrle, Toni Kroos, Thomas Mueller, Mesut Oezil
Brazil v Germany: Semi Final - 2014 FIFA World Cup Brazil / Jamie McDonald/GettyImages

ബ്രസീലിയൻ ഫുട്ബോളിന് സംഭവിച്ച എക്കാലത്തെയും വലിയ ദുരന്തമായിരുന്നു ഈ മത്സരം. സ്വന്തം നാട്ടിൽ വെച്ചു നടന്ന ടൂർണമെന്റിൽ ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ജർമനി കൈകാര്യം ചെയ്‌തത്‌. നെയ്‌മർ, തിയാഗോ സിൽവ എന്നിവർ പരിക്ക് മൂലം കളിക്കാതിരുന്നതിനാൽ ആത്മവിശ്വാസം നഷ്‌ടപ്പെട്ട ബ്രസീലിനെതിരെ നേടിയ വിജയത്തിൽ ഫൈനൽ കളിച്ച ജർമ്മനി അർജന്റീനയെ തോൽപ്പിച്ച് കിരീടവും സ്വന്തമാക്കി.

facebooktwitterreddit