Football in Malayalam

ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ള പത്തു താരങ്ങൾ

Sreejith N
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / MAURO PIMENTEL/Getty Images
facebooktwitterreddit

ക്ലബ് സീസൺ അവസാനിച്ചപ്പോഴുണ്ടായിരുന്ന ബാലൺ ഡി ഓർ സാധ്യതകളിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് യൂറോ കപ്പ്, കോപ്പ അമേരിക്ക ടൂർണമെന്റുകൾ പൂർത്തിയായത്. വിവിധ ലീഗുകളും ചാമ്പ്യൻസ് ലീഗും പൂർത്തിയായപ്പോൾ കെവിൻ ഡി ബ്രൂയ്ൻ, എൻഗോളോ കാന്റെ, റോബർട്ട് ലെവൻഡോസ്‌കി എന്നിവരുടെ പേരുകളാണ് ബാലൺ ഡി ഓർ സാധ്യതകളിൽ മുന്നിൽ നിന്നിരുന്നതെങ്കിലും യൂറോ, കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം അതിൽ വലിയ വ്യതിയാനങ്ങൾ സംഭവിച്ചു കഴിഞ്ഞു.

കഴിഞ്ഞ സീസണിൽ ലാ ലീഗയിലെ ടോപ് സ്കോററായാണ് സീസൺ പൂർത്തിയാക്കിയതെങ്കിലും ലീഗ് കിരീടം നേടാൻ പരാജയപ്പെട്ടതും ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെയുള്ള പുറത്താവലും മെസിയുടെ ബാലൺ ഡി ഓർ സാധ്യതകളെ ദുർബലപ്പെടുത്തിയിരുന്നു. എന്നാൽ കോപ്പ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കുകയും ടൂർണമെന്റിലെ ടോപ് സ്‌കോറർ, മികച്ച താരം എന്നീ പുരസ്കാരങ്ങൾ മെസി സ്വന്തമാക്കുകയും ചെയ്‌തതോടെ ഇപ്പോൾ അർജന്റീന നായകനു തന്നെയാണ് ബാലൺ ഡി ഓറിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ മുപ്പതു ഗോളുകൾ സ്‌പാനിഷ്‌ ലീഗിൽ നേടിയ ബാഴ്‌സലോണ നായകൻ അതിന്റെ തുടർച്ചയായ പ്രകടനമാണ് കോപ്പ അമേരിക്കയിലും നടത്തിയത്. കോപ്പ അമേരിക്കയിൽ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയ താരത്തിന് ബെസ്റ്റ് പ്ലെയർ പുരസ്‌കാരത്തിന് മറ്റൊരാളും എതിരാളിയായി ഉണ്ടായിരുന്നില്ല.

ക്ലബിനൊപ്പവും ദേശീയ ടീമിനൊപ്പവും നടത്തിയ മികച്ച പ്രകടനം കൊണ്ട് മെസി തന്റെ ഏഴാമതു ബാലൺ ഡി ഓർ ഉയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാഴ്‌സലോണക്കൊപ്പം അടുത്ത സീസണിൽ തന്റെ മികവ് ആവർത്തിക്കാൻ കഴിഞ്ഞാൽ അത് ഊട്ടിയുറപ്പിക്കാൻ അർജന്റീന നായകന് കഴിയും. അതേസമയം മെസിയുൾപ്പെടെ ബാലൺ ഡി ഓറിനു സാധ്യതയുള്ളതായി 90MIN കരുതുന്ന പത്തു താരങ്ങൾ ഇവരാണ്.

1. ലയണൽ മെസി (ബാഴ്‌സലോണ, അർജന്റീന)

2. റോബർട്ട് ലെവൻഡോസ്‌കി (ബയേൺ മ്യൂണിക്ക്, പോളണ്ട്)

3. ജോർജിന്യോ (ചെൽസി, ഇറ്റലി)

4. കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി, ബെൽജിയം)

5. എൻഗോളോ കാന്റെ (ചെൽസി, ഫ്രാൻസ്)

6. റൊമേലു ലുക്കാക്കു (ഇന്റർ മിലാൻ, ബെൽജിയം)

7. ജിയാൻലൂയിജി ഡോണറുമ്മ (ഇറ്റലി)

8. കരിം ബെൻസിമ (റയൽ മാഡ്രിഡ്, ഫ്രാൻസ്)

9. കെയ്‌ലിൻ എംബാപ്പെ (പിഎസ്‌ജി, ഫ്രാൻസ്)

10. ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്റസ്, പോർച്ചുഗൽ)

facebooktwitterreddit