റൊണാൾഡോയെ ബാഴ്സലോണയിൽ എത്തിക്കണമെങ്കിൽ അതിനുള്ള സമയം ഇപ്പോഴെന്ന് ടോണി ഫ്രീക്സ


ലയണൽ മെസിയുമായുള്ള മത്സരം കൊണ്ടും റയൽ മാഡ്രിഡിനു വേണ്ടി വളരെക്കാലം കളിച്ചതു കൊണ്ടും ബാഴ്സലോണ ആരാധകർക്ക് അത്ര പ്രിയപ്പെട്ട കളിക്കാരനല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്ന പല സമയത്തും താരം ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
റൊണാൾഡോ ബാഴ്സയിലേക്ക് എത്താനുള്ള സാധ്യത വളരെ കുറവാണെങ്കിലും അതിനു പറ്റിയ സമയം ഇപ്പോഴാണെന്നാണ് കാറ്റലൻ ക്ലബിന്റെ മുൻ ഡയറക്ടറും കഴിഞ്ഞ സീസണിനിടെ നടന്ന ക്ലബ് ഇലക്ഷനിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന ടോണി ഫ്രീക്സ പറയുന്നത്. സാവിയെ പരിശീലകനായി നിയമിച്ച തീരുമാനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
"അത്തരം ഭ്രാന്തുകൾക്ക് എപ്പോഴെങ്കിലും സമയമുണ്ടെങ്കിൽ അതിപ്പോൾ തന്നെയാണ്." റൊണാൾഡോ ബാഴ്സലോണയിൽ എത്താനുള്ള സാധ്യതകളെക്കുറിച്ച് ബെറ്റെവ്സിനു നൽകിയ അഭിമുഖത്തിൽ ലപോർട്ടയുടെ കഴിഞ്ഞ പ്രസിഡന്റ് കാലയളവിൽ ക്ലബ് ഡയറക്റ്ററായിരുന്ന ഫ്രീക്സ പറഞ്ഞു.
സാവിയുടെ തിരിച്ചു വരവിനെക്കുറിച്ചും അദ്ദേഹം ബാഴ്സയിൽ ഏർപ്പെടുത്തിയ നിയമാവലികളെപ്പറ്റിയും ഫ്രീക്സയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. "താരങ്ങളെ ശിക്ഷിക്കുകയെന്ന പദ്ധതിയുടെ തന്നെയാണ് സാവി ക്ലബ്ബിലേക്ക് വന്നിരിക്കുന്നത്."
"തന്റെ പദ്ധതികളെക്കുറിച്ചും കളിക്കുന്ന രീതിയെക്കുറിച്ചും ടീമിനെ മനസിലാക്കാൻ ശ്രമിക്കയാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു. അവർ അവരുടെ ഫുട്ബോൾ കൂടുതൽ ആസ്വദിക്കണം എന്നും സാവി ആഗ്രഹിക്കുന്നുണ്ടായിരിക്കും." ഫ്രീക്സ പറഞ്ഞു.