Football in Malayalam

ടോണി ക്രൂസ് ദേശിയ ടീമിൽ നിന്ന് വിരമിക്കാൻ തയ്യാറെടുക്കുന്നു; ലോകകപ്പിൽ കളിച്ചേക്കില്ല

Sreejith N
Spain v Germany - UEFA Nations League
Spain v Germany - UEFA Nations League / Fran Santiago/Getty Images
facebooktwitterreddit

ജർമനിയുടെ ഇതിഹാസതാരമായ ടോണി ക്രൂസ് ഈ വരുന്ന സമ്മറിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് ടൂർണമെന്റിന് ശേഷം ദേശീയ ടീമിൽ നിന്നും വിരമിക്കാൻ തയ്യാറെടുക്കുന്നു. നിലവിൽ ജർമൻ പരിശീലകനായ ജോക്കിം ലോ യൂറോ കപ്പിനു ശേഷം ടീമിന്റെ സ്ഥാനമൊഴിയുന്നതിനു പിന്നാലെ ക്രൂസും ദേശീയ ടീം വിടുമെന്ന് ജർമൻ മാധ്യമം ബിൽഡ് ആണ് റിപ്പോർട്ടു ചെയ്‌തത്‌.

യുവതാരങ്ങൾക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് മുപ്പത്തിയൊന്നുകാരനായ ടോണി ക്രൂസ് ദേശീയ ടീമിൽ നിന്നും സ്ഥാനമൊഴിയുന്നതെന്നാണ് കരുതപ്പെടുന്നത്. ലിയോൺ ഗോരേറ്സ്ക, ജോഷുവ കിമ്മിച്ച് എന്നീ താരങ്ങൾ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെ ജർമൻ ടീമിൽ ക്രൂസിന് പഴയതു പോലെ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്.

ഇതിനു പുറമെ ക്ലബ് തലത്തിലുള്ള പ്രകടനത്തിന് കൂടുതൽ പരിഗണന നൽകാനും ഈ തീരുമാനം വഴി ക്രൂസ് ഉദ്ദേശിക്കുന്നുണ്ടെന്ന് ബിൽഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചാമ്പ്യൻസ് ലീഗ് കിരീടം ഇനിയും സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള താരത്തിന് റയൽ മാഡ്രിഡിനൊപ്പം അത് നേടുന്നതിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതുവഴി കഴിയും.

ജർമനിക്കൊപ്പം 101 മത്സരങ്ങളിലാണ് ക്രൂസ് ഇതുവരെ കളിച്ചിട്ടുള്ളത്. ദേശീയ ടീമിന് വേണ്ടി പതിനേഴു ഗോളുകൾ നേടിയ താരം 2014ലെ ലോകകിരീടവും സ്വന്തമാക്കി. ഇപ്പോഴും റയൽ മാഡ്രിഡിന്റെ പ്രധാന താരങ്ങളിൽ ഒരാളായ ടോണി ക്രൂസിന് 2023 വരെയാണ് ലോസ് ബ്ലാങ്കോസുമായി കരാറുള്ളത്.


facebooktwitterreddit