Football in Malayalam

ഫ്ലോറന്റീനോ പെരസിനെ സംബന്ധിച്ച് ക്ലബിന്റെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ട്രാൻസ്‌ഫർ ടോണി ക്രൂസിന്റേതെന്ന് ഏജന്റ്

Sreejith N
Real Madrid v FC Internazionale: Group D - UEFA Champions League
Real Madrid v FC Internazionale: Group D - UEFA Champions League / Gonzalo Arroyo Moreno/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസിനെ സംബന്ധിച്ച് ക്ലബ് നടത്തിയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ട്രാൻസ്‌ഫർ ജർമൻ മധ്യനിര താരമായ ടോണി ക്രൂസിന്റേതെന്ന് അദ്ദേഹത്തിന്റെ ഏജന്റ്. ലോസ് ബ്ലാങ്കോസിനു വേണ്ടി കളിക്കുന്ന എട്ടാമത്തെ മാത്രം ജർമൻ താരമായി 2014ൽ ബയേൺ മ്യൂണിക്കിൽ നിന്നും റയലിൽ എത്തിയ ടോണി ക്രൂസ് ക്ലബിനു വേണ്ടി കളിച്ചിട്ടുള്ള എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ്.

"വളരെ മികച്ചൊരു ജീവിതകഥയുള്ള അസാധാരണമായ വിധം മനോഹരമായ ഒരു വ്യക്തിത്വമാണ് അദ്ദേഹം (ഫ്ലോറന്റീനോ പെരസ്). അദ്ദേഹം ഒരു സംരംഭകനാണ്. എന്തുകൊണ്ടാണ് ടോണി ക്രൂസ് ഈ നൂറ്റാണ്ടിൽ തന്നെ ക്ലബിന്റെ ഏറ്റവും മികച്ച ട്രാൻസ്‌ഫർ ആകുന്നതെന്ന് അദ്ദേഹം എന്നോട് വിശദീകരിച്ചിരുന്നു," ഒഎംആർ പോഡ്‌കാസ്റ്റിൽ താരത്തിന്റെ ഏജന്റായ വോൾക് സ്ട്രൂത്ത്‌ പറഞ്ഞു.

2014 ലോകകപ്പ് ജർമനി വിജയിച്ചതിനു പിന്നാലെയാണ് ക്രൂസിനെ മുപ്പതു മില്യൺ യൂറോയോളം നൽകി റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നു എങ്കിലും റയൽ മാഡ്രിഡ് തന്നെയാണ് അതിൽ വിജയിച്ചത്. അതിനു ശേഷം എട്ടു സീസണുകളിലായി മുന്നൂറിലധികം മത്സരങ്ങൾ ക്ലബിനായി കളിച്ച ക്രൂസ് തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗെന്ന റയലിന്റെ സുവർണ നേട്ടമുൾപ്പെടെ നിരവധി കിരീടങ്ങളിൽ പങ്കാളികളായിട്ടുണ്ട്.

വെറും മുപ്പത്തിയൊന്നു വയസു മാത്രം പ്രായമുള്ള ക്രൂസിനെ സംബന്ധിച്ച് ഇനിയും നിരവധി വർഷങ്ങളുടെ കരിയർ ബാക്കിയുണ്ട്. യുവതലമുറക്കു വഴിയൊരുക്കാൻ വേണ്ടി ജർമൻ ദേശീയ ടീമിൽ നിന്നും നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച താരം റയൽ മാഡ്രിഡിനൊപ്പം സാധ്യമായ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളെല്ലാം സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit