Football in Malayalam

ജെർമ്മനി-പോർച്ചുഗൽ മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തി ടോണി ക്രൂസ്

Gokul Manthara
Portugal v Germany - UEFA Euro 2020: Group F
Portugal v Germany - UEFA Euro 2020: Group F / Matthias Hangst/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസം പോർച്ചുഗലും, ജെർമ്മനിയും തമ്മിലുള്ള യൂറോ കപ്പ് മത്സരത്തിന് ശേഷം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും, ടോണി ക്രൂസും മൈതാനത്ത് വെച്ച് സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. റയൽ മാഡ്രിഡിൽ കളിച്ചു കൊണ്ടിരിക്കുന്ന‌‌ സമയത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും, തങ്ങളുടെ വായ മൂടിപ്പിടിച്ച് പതുക്കെ സംസാരിക്കുന്ന കാഴ്ച ഫുട്ബോൾ ലോകത്ത് വൈറലുമായി. ഇപ്പോളിതാ റൊണാൾഡോയുമായി താൻ ഗ്രൗണ്ടിൽ വെച്ച് സംസാരിച്ചത് എന്തെന്ന് ക്രൂസ് വെളിപ്പെടുത്തിയിരിക്കുന്നു.

യൂറോ 2020 നെക്കുറിച്ച് താനും റൊണാൾഡോയും സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്ന ക്രൂസ് ഇതിനൊപ്പം ഇറ്റലിയിൽ കളിക്കുന്നത് ഇഷ്ടപ്പെടുന്നുണ്ടോയെന്ന് താൻ അദ്ദേഹത്തോട് ചോദിച്ചുവെന്നും വ്യക്തമാക്കി.

"ഞാൻ റൊണാൾഡോക്കൊപ്പം നാല് സീസണുകൾ കളിച്ചു. അദ്ദേഹത്തിനൊപ്പം എനിക്ക് ഏറ്റവും മികച്ച വിജയങ്ങൾ ലഭിച്ചുവെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. അതിന് അദ്ദേഹത്തിന് നന്ദി. ആ കാലഘട്ടത്തിൽ (റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ചിരുന്നപ്പോൾ) ഞങ്ങൾ ഡ്രെസ്സിംഗ് റൂമിൽ അടുത്തടുത്തായിരുന്നു‌. അദ്ദേഹത്തെ കണ്ടതിൽ എനിക്ക്‌ വലിയ സന്തോഷമുണ്ട്. ദീർഘനാളുകളായി ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല."

"ഞങ്ങൾ മത്സരത്തെക്കുറിച്ചും, വരാനിരിക്കുന്ന മത്സരത്തെക്കുറിച്ചും ചെറുതായി‌ സംസാരിച്ചു. ഞാൻ അവർക്ക് ആശംസകൾ നേർന്നു. ഞങ്ങളെപ്പോലെ അവരും (പോർച്ചുഗൽ) അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു‌‌‌. ഇത് കൂടാതെ ഇറ്റലി എങ്ങനെ ഇണങ്ങുന്നുവെന്നും ഞാൻ റൊണാൾഡോയോട് ചോദിച്ചു. കാരണം മൂന്ന് വർഷമായി അദ്ദേഹം അവിടെയുണ്ട്." ഐൻഫാക് ലുപ്പെൻ പോഡ്കാസ്റ്റിൽ സംസാരിക്കവെ ക്രൂസ് പറഞ്ഞു നിർത്തി‌.

facebooktwitterreddit