മെസിയോ റൊണാൾഡോയോ മികച്ച താരം? ടോണി ക്രൂസിന്റെ മറുപടിയിങ്ങനെ

Toni Kroos Provides Opinion On Ronaldo, Messi Debate
Toni Kroos Provides Opinion On Ronaldo, Messi Debate / BSR Agency/GettyImages
facebooktwitterreddit

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിൽ ഒരാൾ മറ്റൊരാളേക്കാൾ മികച്ചതായി തനിക്ക് തോന്നിയിട്ടില്ലെന്ന് റയൽ മാഡ്രിഡ് താരം ടോണി ക്രൂസ്. രണ്ടു പേരെയും തമ്മിൽ താരതമ്യം ചെയ്യുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നു പറഞ്ഞ ജർമൻ മധ്യനിര താരം ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെക്കുറിച്ച് പറയുമ്പോൾ ക്ലാരൻസ് സീഡോർഫിന്റെ പേരാണ് തന്റെ മനസിലേക്ക് വരുന്നതെന്നും വ്യക്തമാക്കി.

"എല്ലാ തലമുറയിലും മഹത്തായ കാര്യങ്ങൾ നേടിയെടുത്ത നിരവധി താരങ്ങൾ ഉണ്ടായിരിക്കും. ക്ലാരൻസ് സീഡോർഫ്, മൂന്നു വ്യത്യസ്‌ത ക്ലബുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ ക്ലാരൻസ് സീഡോർഫിനെയാണ് എനിക്ക് ഓർമ വരുന്നത്." മാർക്കയോട് സംസാരിക്കുമ്പോൾ ക്രൂസ് പറഞ്ഞു.

"ക്രിസ്റ്റ്യാനോ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എന്നതിൽ സംശയമില്ല. മെസിയുടെ കാര്യത്തിലും അങ്ങിനെ തന്നെ. പക്ഷെ അവരിൽ ഒരാളെ മറ്റൊരാളേക്കാൾ മികച്ചതായി ഞാൻ കാണുന്നില്ല. കാരണം അവർ കളിക്കളത്തിൽ ചെയ്‌ത കാര്യങ്ങളും ഈ കളിയെ മാറ്റിമറിച്ചതും താരതമ്യം ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്."

"ഞാൻ കളിക്കുന്ന സമയം എടുക്കുകയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഏറ്റവും മികച്ച താരം. തീർച്ചയായും ഞാൻ പക്ഷപാതപരമായി തന്നെയാണ് പറയുന്നത്, കാരണം ഒരുപാട് കിരീടങ്ങൾ നേടിത്തരാൻ താരം നിർണായക സാന്നിധ്യം ആയിരുന്നു. താരത്തിനൊപ്പം കളിക്കുന്നത് ആവേശകരമായ അനുഭവം കൂടിയാണ്."

"ഞങ്ങൾ സഹതാരങ്ങൾ മാത്രമല്ല, ഡ്രസിങ് റൂമിലും പുറത്തും അയൽക്കാർ കൂടിയാണ്. താരം എന്റെ തൊട്ടടുത്താണ് താമസിച്ചിരുന്നത്. പൂർണതയിലെത്താൻ താരം നടത്തുന്ന ശ്രമങ്ങൾ മതിപ്പ് തോന്നിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ലയണൽ മെസി ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു പറയാൻ എനിക്കു വിലക്കുള്ളത്." ക്രൂസ് വ്യക്തമാക്കി.

ക്രൂസും റൊണാൾഡോയും റയൽ മാഡ്രിഡിൽ നാല് വർഷം ഒരുമിച്ച് കളിച്ച് മൂന്നു ചാമ്പ്യൻസ് ലീഗടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. റൊണാൾഡോ പിന്നീട് യുവന്റസിലേക്കും അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും എത്തിയെങ്കിലും ഇപ്പോഴും റയൽ മാഡ്രിഡ് മധ്യനിരയിൽ തുടരുകയാണ് ക്രൂസ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.