Football in Malayalam

റയൽ മാഡ്രിഡ് ഇതിഹാസങ്ങളുടെ ഫൈവ്-എ-സൈഡ് ടീമിനെ തിരഞ്ഞെടുത്തതിൽ റൊണാൾഡോയെ തഴഞ്ഞ് ടോണി ക്രൂസ്

Sreejith N
Valencia v Real Madrid - La Liga
Valencia v Real Madrid - La Liga / Quality Sport Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് ഇതിഹാസങ്ങളുടെ ഫൈവ്-എ-സൈഡ് ടീമിനെ തിരഞ്ഞെടുത്തപ്പോൾ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും തന്റെ മുൻ സഹതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തഴഞ്ഞ് ജർമൻ മധ്യനിര താരം ടോണി ക്രൂസ്. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ക്ലബിന്റെ മറ്റൊരു മികച്ച ഗോൾവേട്ടക്കാരനായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോയെയും ക്രൂസ് ഒഴിവാക്കിയിട്ടുണ്ട്.

നിലവിൽ തനിക്കൊപ്പം കളിക്കുന്ന മോഡ്രിച്ച് ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കിയ ജർമൻ മിഡ്‌ഫീൽഡർ ഗോൾവല കാക്കാൻ തിരഞ്ഞെടുത്തത് മുൻ നായകനായ ഇകർ കാസിയസിനെയാണ്. കാസിയസിനൊപ്പം ബ്രസീലിയൻ ഫുൾ ബാക്കായ റോബർട്ടോ കാർലോസാണ്‌ ടീമിന്റെ പ്രതിരോധം നയിക്കുന്നത്.

മധ്യനിരയിൽ റയൽ മാഡ്രിഡിനു വേണ്ടി ആകെ കളിച്ചിട്ടുള്ള എട്ടു ജർമൻ താരങ്ങളിൽ ഒരാളായ, 1977 മുതൽ 1985 വരെ ക്ലബിൽ ഉണ്ടായിരുന്ന ഉളി സ്റ്റീലികേയെ ക്രൂസ് തിരഞ്ഞെടുത്തപ്പോൾ അവർക്കൊപ്പം കളിക്കാരനായും പരിശീലകനായും റയലിൽ ചരിത്രം കുറിച്ച സിനദിൻ സിദാനുമുണ്ട്. ടീമിന്റെ പ്രധാന സ്‌ട്രൈക്കർ സ്ഥാനത്ത് റൗൾ ഗോൺസാലസിനെയാണ് ക്രൂസ് തിരഞ്ഞെടുത്തിരിക്കുന്നത്.

മികച്ച താരങ്ങളെയാണ് ടോണി ക്രൂസ് തിരഞ്ഞെടുത്തത് എങ്കിലും ക്ലബിന്റെ എക്കാലത്തെയും മികച്ച രണ്ടു ഗോൾവേട്ടക്കാരെയും അദ്ദേഹം തഴഞ്ഞത് ആരാധകർക്ക് അത്ഭുതമാണ്. 438 മത്സരങ്ങളിൽ നിന്നും റയൽ മാഡ്രിഡിനു വേണ്ടി റൊണാൾഡോ 450 ഗോളുകൾ നേടിയിട്ടുള്ളപ്പോൾ രണ്ടാം സ്ഥാനത്തുള്ള റൗൾ 741 മത്സരങ്ങളിൽ നിന്നും 323 ഗോളും മൂന്നാം സ്ഥാനത്തുള്ള ഡി സ്‌റ്റെഫാനോ 396 മത്സരങ്ങളിൽ നിന്നും 308 ഗോളുകളും ടീമിനായി നേടിയിട്ടുണ്ട്.

facebooktwitterreddit