Football in Malayalam

ഫുട്ബോളിൽ ക്രൂസിന്റെ കാലം കഴിഞ്ഞുവെന്ന് മുൻ ബയേൺ പ്രസിഡന്റ്, തിരിച്ചടിച്ച് റയൽ മാഡ്രിഡ് താരം

Sreejith N
England v Germany - UEFA Euro 2020: Round of 16
England v Germany - UEFA Euro 2020: Round of 16 / Frank Augstein - Pool/Getty Images
facebooktwitterreddit

ആധുനിക ഫുട്ബോളിൽ ടോണി ക്രൂസിന്റെ ശൈലിയുടെ കാലം കഴിഞ്ഞുവെന്ന മുൻ ബയേൺ മേധാവി ഉളി ഹോനെസിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് ജർമൻ മധ്യനിരതാരം. യൂറോ കപ്പിൽ ഇംഗ്ലണ്ടിനെതിരെ ജർമനി തോറ്റു പുറത്തായ മത്സരത്തിലെ ക്രൂസിന്റെ പ്രകടനത്തെ പരാമർശിച്ച്, ജർമനി തോറ്റു പുറത്തായതിൽ ക്രൂസിന് പങ്കുണ്ടെന്നർത്ഥം വരുന്ന തരത്തിലാണ് താരത്തിനെതിരെ ബയേൺ മ്യൂണിക്കിന്റെ മുൻ പ്രസിഡന്റ് വിമർശനം നടത്തിയത്.

ബയേൺ അടക്കമുള്ള ക്ളബുകൾക്കും ദേശീയ ടീമിനുമായി മുൻകാലങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള ക്രൂസിനു പക്ഷെ ആധുനിക ഫുട്ബോളിൽ യാതൊരു സ്ഥാനവുമില്ലെന്നാണ് ഹോനെസ്സ് പറഞ്ഞത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജർമനി ഒരു ഗോളിന് പിന്നിൽ നിന്നിട്ടും ക്രൂസ് മധ്യവര കടക്കുന്നത് അപൂർവമായിരുന്നുവെന്നും വശങ്ങളിൽ തുടർന്നു കൊണ്ടുള്ള കളിയാണ് കാഴ്‌ച വെച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹാൻസി ഫ്ലിക്കിന്റെ വരവോടെ ബയേൺ താരങ്ങൾ ആത്മവിശ്വാസമുള്ളവരായി മാറിയെങ്കിലും ജോക്കിം ലോയുടെ തന്ത്രങ്ങൾ അവർക്ക് നിരാശയാണ് സമ്മാനിച്ചതെന്നും അത് സ്വീകാര്യമായിരുന്നില്ലെന്നും പറഞ്ഞ ഹോനെസ്സ് വെർട്ടിക്കൽ ഫുട്ബോൾ കളിച്ച് എല്ലായിപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കുന്ന ജർമനിക്ക് ക്രൂസിന്റെ ശൈലി ചേരില്ലെന്നും പറഞ്ഞു.

അതേസമയം ഫുട്ബോളിനെ കുറിച്ച് എല്ലാം അറിയാവുന്ന ആളെന്ന് ആക്ഷേപഹാസ്യപരമായി പറഞ്ഞാണ് ഹോനെസ്സിന്റെ വിമർശനങ്ങൾക്ക് ട്വിറ്ററിലൂടെ ക്രൂസ് മറുപടി നൽകിയത്. ടൂർണമെന്റിൽ ജർമനി ഉണ്ടായിരുന്ന സമയത്ത് ഫൈനൽ തേർഡിലേക്ക് ഏറ്റവുമധികം പാസുകൾ നൽകിയ കളിക്കാരൻ ക്രൂസാണെന്നു കാണിക്കുന്ന ഒരു ഒരു പോസ്റ്റും താരം പിന്നീട് ട്വീറ്റ് ചെയ്‌തു. ഹോനസിനു ഇതിഷ്ടമാകില്ലെന്നും ക്രൂസ് അതിനൊപ്പം കുറിച്ചിരുന്നു.

യൂറോ കപ്പിനു ശേഷം ജർമൻ ടീമിൽ നിന്നും വിരമിച്ച ക്രൂസ് നൽകിയ മറുപടിയോടു പക്ഷെ വളരെ സാധാരണമായാണ് മുൻ ബയേൺ മേധാവി പ്രതികരിച്ചത്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും എല്ലാവർക്കും അവരവരുടേതായ അഭിപ്രയങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു ഹോനെസിന്റെ മറുപടി.

facebooktwitterreddit