പിഎസ്ജിക്കെതിരെയുള്ള ചാംപ്യന്‍സ് ലീഗ് പ്രീ-ക്വാർട്ടർ രണ്ടാം പാദ മത്സരം ടോണി ക്രൂസിന് നഷ്ടമായേക്കും

പി.എസ്.ജിക്കെതിരേയുള്ള ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരം റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം ടോണി ക്രൂസിന് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ലാലിഗയില്‍ റയോ വല്ലെക്കാനേക്കെതിരേയുള്ള മത്സരത്തില്‍ പരുക്കേറ്റതാണ് കാരണം.
ഇന്ന് ഹാംസ്ട്രിങ് ഇഞ്ചുറിയാണോ എന്നറിയാന്‍ സ്കാനിങ് നടത്തുമെന്നാണ് റയല്‍ മാഡ്രിഡ് മെഡിക്കല്‍ വിഭാഗം പുറത്ത് വിടുന്ന വിവരം. സ്പോര്‍ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. ഇഞ്ചുറി ടൈമില്‍ യുവ താരം കിലിയന്‍ എംബാപ്പെ നേടിയ ഗോളിലായിരുന്നു പി.എസ്.ജി ജയം സ്വന്തമാക്കിയത്.
ആദ്യ പാദത്തില്‍ തോറ്റതിനാല്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വിജയം അനിവാര്യമാണ്. എന്നാല്‍ ക്രൂസിന്റെ ടീമില്‍ ഇല്ലാതിരിക്കുകയാണെങ്കില്‍ ആന്‍സലോട്ടിക്കും സംഘത്തിനും അത് കനത്ത തിരിച്ചടിയാകും.
ഇന്ന് നടക്കുന്ന പരിശോധനയില്‍ ഹാംസ്ട്രിങ് ഇഞ്ചുറിയുള്ളതായി കണ്ടെത്തുകയാണെങ്കില്‍ ലാലിഗയില്‍ റയല്‍ സോസിഡാഡിനെതിരേയുള്ള മത്സരവും ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദ മത്സരവുമാകും ക്രൂസിന് നഷ്ടമാവുക. മാര്‍ച്ച് പത്തിനാണ് പി.എസ്.ജിക്കെതിരേയുള്ള റയലിന്റെ രണ്ടാം പാദ മത്സരം നടക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.