Football in Malayalam

മെസി ബാഴ്സലോണയിൽ സൗജന്യമായി കളിക്കുകയെന്നത് അസാധ്യമായ ആശയമായിരുന്നുവെന്ന് ടോണി ഫ്രീക്സ

By Gokul Manthara
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/GettyImages
facebooktwitterreddit

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേയും, ലാലീഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലവും അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ കരാർ പുതുക്കാൻ ഇക്കഴിഞ്ഞ സമ്മറിൽ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നില്ല. കറ്റാലൻ ക്ലബ്ബിന് താനുമായി പുതിയ കരാർ ഒപ്പിടുക അസാധ്യമാണെന്ന് വ്യക്തമായതോടെ മെസി പാരീസ് സെന്റ്-ജെർമ്മനിലേക്ക് ചേക്കേറുകയും ചെയ്തു. എന്നാൽ‌ മെസി പിഎസ്‌ജിയിലേക്ക് പോയതിന് ശേഷം ഒരു സ്പാനിഷ് മാധ്യമത്തോട് സംസാരിക്കവെ അദ്ദേഹം സൗജന്യമായി കറ്റാലൻ ക്ലബ്ബിന് വേണ്ടി കളിക്കുമെന്ന് താൻ കരുതിയിരുന്നതായി ബാഴ്സലോണ പ്രസിഡന്റ് ജോവൻ ലപ്പോർട്ട വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോളിതാ മെസിക്ക് ഒരിക്കലും ബാഴ്സലോണയിൽ സൗജന്യമായി കളിക്കാൻ കഴിയുമായിരുന്നില്ലെന്നും അതൊരു അസാധ്യ ആശയമായിരുന്നുവെന്നും വ്യക്തമാക്കി മുൻ ബാഴ്സലോണ ഡയറക്ടർ ബോർഡംഗം ടോണി ഫ്രീക്സ രംഗത്തെത്തിയിരിക്കുന്നു. മെസിക്ക് സൗജന്യമായി ബാഴ്സലോണക്ക് വേണ്ടി കളിക്കാമായിരുന്നുവെന്ന റിപ്പോർട്ടുകളെ പൂർണമായി തള്ളിക്കളഞ്ഞ ഫ്രീക്സ, ഫിനാൻഷ്യൽ ഫെയർ പ്ലേ പോയിന്റിന്റെ വീക്ഷണത്തിൽ നിന്ന് നോക്കുമ്പോൾ അത് ഒരിക്കലും സാധ്യമായിരുന്നില്ലെന്നും റേഡിയോ മാർക്കയോട് സംസാരിക്കുന്നതിനിടെ കൂട്ടിച്ചേർത്തു.

"മെസി സൗജന്യമായി കളിക്കണം എന്ന ആശയം യാദൃശ്ചികമായ പ്രഖ്യാപനമായിരുന്നു. മെസി സൗജന്യമായി കളിക്കുന്നത് അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ബോർഡിന്റെ പദ്ധതിയിലുണ്ടായിരുന്നില്ല. ഫിനാൻഷ്യൽ ഫെയർ പ്ലേ പോയിന്റിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഇത് അസാധ്യമാണ് (മെസി സൗജന്യമായി കളിക്കുന്നത്). ഇതൊരു കെട്ടുകഥയാണ്," ഫ്രീക്സ പറഞ്ഞു.

അതേ സമയം കഴിഞ്ഞ ജൂണിൽ മെസിയുമായുള്ള കരാർ അവസാനിച്ച ബാഴ്സലോണ അദ്ദേഹത്തിന് പുതിയ കരാർ നൽകുമെന്ന് തന്നെയായിരുന്നു കരുതപ്പെട്ടിരുന്നത്. കറ്റാലൻ ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പു വെക്കാൻ തന്റെ പ്രതിഫലത്തിന്റെ 50 ശതമാനം വെട്ടിക്കുറക്കാൻ പോലും മെസി തയ്യാറായതുമാണ്‌. എന്നിട്ട് പോലും അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ ബാഴ്സലോണക്ക് കഴിയാതെ വന്നതോടെയാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്.


facebooktwitterreddit