Transfers

ചെൽസിയുടെ പുതിയ ഉടമ ടോഡ് ബോഹ്‍ലിയും ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ടയും തമ്മിൽ കൂടിക്കാഴ്‌ച നടത്തി

Sreejith N
Chelsea Owner Todd Boehly Met With Barcelona President Joan Laporta
Chelsea Owner Todd Boehly Met With Barcelona President Joan Laporta / Robin Jones/GettyImages
facebooktwitterreddit

ചെൽസിയുടെ പുതിയ ഉടമയായ ടോഡ് ബോഹ്‍ലിയും ബാഴ്‌സ പ്രസിഡന്റായ യോൻ ലപോർട്ടയും തമ്മിൽ കഴിഞ്ഞ ദിവസം ബാഴ്‌സലോണയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തി. ചെൽസിയുടെ ഫുൾ ബാക്കുകളായ സെസാർ അസ്പ്ലികുയറ്റ, മാർക്കോസ് അലോൺസോ എന്നീ താരങ്ങളെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നതിനാൽ ഇതു സംബന്ധിച്ച ചർച്ചകൾക്കാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്.

ഗോൾ ടിവി പുറത്തു വിട്ട ദൃശ്യങ്ങളിൽ ബാഴ്‌സലോണയിലെ വിയ വെനെറ്റോ റെസ്റ്റോറന്റിലേക്ക് ടോഡ് ബോഹ്‍ലി എത്തുന്നതു കാണാം. അതിനു പിന്നാലെ തന്നെ മിനിട്ടുകൾക്ക് ശേഷം യോൻ ലപോർട്ടയും അവിടെയെത്തുന്നുണ്ട്. നിലവിൽ സ്പോർട്ടിങ് ഡയറക്റ്റർ എന്ന സ്ഥാനത്തു നിന്ന് ചെൽസിയുടെ ട്രാൻസ്‌ഫർ നീക്കങ്ങളെല്ലാം നടത്തുന്നത് ടോഡ് ബോഹ്‍ലിയാണ്.

ചെൽസിയുടെ പ്രീ സീസൺ ടൂർ ആരംഭിക്കാനിരിക്കെയാണ് രണ്ടു പേരും ട്രാൻസ്‌ഫർ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് രണ്ടു താരങ്ങളുടെയും ട്രാൻസ്‌ഫർ ധാരണയിൽ എത്തുകയെന്ന ലക്‌ഷ്യം ഇരുവർക്കുമുണ്ട്. രണ്ടു താരങ്ങൾക്കും ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ താൽപര്യമുള്ളതിനാൽ ട്രാൻസ്‌ഫർ ഫീസ് അടക്കമുള്ള കാര്യങ്ങളിലാണ് ധാരണയിൽ എത്താനുള്ളത്.

റൈറ്റ് ബാക്കായ ആസ്പ്ലികുയറ്റ രണ്ടു വർഷത്തെ കരാറിലാണ് ബാഴ്‌സലോണയിലേക്ക് എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ഒരു വർഷത്തേക്കു കൂടി നീട്ടണമെന്ന ഉടമ്പടിയും കരാറിൽ ഉണ്ടായിരിക്കും. ജോർദി ആൽബയുടെ ബാക്കപ്പായി ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് എത്തിക്കുന്ന അലോൺസോക്കു വേണ്ടി ബാഴ്‌സ പത്ത് മില്യൺ യൂറോ നൽകേണ്ടി വരും.

റിപ്പോർട്ടുകൾ പ്രകാരം ടോഡ് ബോഹ്‍ലി രണ്ടു ബാഴ്‌സലോണ താരങ്ങളെ കുറിച്ചും അന്വേഷണം നടത്തിയിട്ടുണ്ട്. മധ്യനിര താരം ഫ്രങ്കീ ഡി ജോംഗ്, ഫുൾ ബാക്കായ സെർജിനോ ഡെസ്റ്റ് എന്നിവരെ കുറിച്ചാണ് ചെൽസി അന്വേഷണം നടത്തിയത്. എന്നാൽ അതിൽ ഡച്ച് താരത്തെ വിട്ടുകൊടുക്കാൻ ബാഴ്‌സക്ക് താൽപര്യമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit