ചെൽസിയെ സ്വന്തമാക്കി ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം; ഏറ്റെടുക്കൽ പൂർത്തിയായി

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചെല്‍സി ക്ലബിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ബിസിനസുകാരനായ ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ചെല്‍സിയെ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ചിലായിരുന്നു റഷ്യന്‍ ശതകോടീശ്വരനായ റോമന്‍ അബ്രമോവിച്ച് ചെല്‍സി ഫുട്‌ബോള്‍ ക്ലബിനെ വില്‍പ്പനക്ക് വെച്ചത്.
റഷ്യ ഉക്രൈനില്‍ അധിനിവേഷം നടത്തിയതോടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരിട്ട അബ്രമോവിച്ചിന്റെ ഉടമസ്ഥതയിലുള്ള ചെല്‍സി ക്ലബിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആസ്ഥികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അബ്രമോവിച്ച് ക്ലബിനെ വിൽപ്പനക്ക് വെച്ചത്.
ആദ്യം ക്ലബിന്റെ പ്രവര്‍ത്തനം ചെല്‍സി ക്ലബിന് കീഴിലുള്ള ചാരിറ്റി സംഘടനക്ക് കീഴിലാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ക്ലബ് വില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ക്ലബ് വില്‍പനക്ക് വെച്ചതോടെ നിരവധി കോടീശ്വരന്‍മാരായിരുന്നു ക്ലബ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ഒടുവില്‍ ചെല്‍സി മുന്നോട്ട് വെച്ച നിബന്ധനകള്‍ അംഗീകരിച്ച ടോഡ് ബോഹ്ലിക്കും സംഘത്തിനുമാണ് ചെല്‍സി ക്ലബ് കൈമാറിയിരിക്കുന്നത്. ഇന്നാണ് ക്ലബിന്റെ ഔദ്യോഗിക കൈമാറ്റം പൂര്‍ത്തിയാതത്. "ടോഡ് ബോഹ്ലിയുടെയും ക്ലിയര്‍ലേക്ക് കാപിറ്റലിന്റേയും നേതൃത്തത്തിലുള്ള നിക്ഷേപ ഗ്രൂപ്പിന് ചെല്‍സി ഫുട്ബോൾ ക്ലബിന്റെയും അനുബന്ധ കമ്പനികളുടെയും വിൽപന റോമൻ അബ്രമോവിച്ച് പൂർത്തിയാക്കി," ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
ക്ലബ് വാങ്ങുന്നതിനായി 250ലധികം ആളുകള്‍ സമീപിച്ചതായും ഇതില്‍ 100 പേരുമായി ക്ലബ് ചര്‍ച്ച നടത്തിയെന്നും 32 പേരുമായി അന്തിമ ചര്‍ച്ച നടത്തിയിരുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 4.25 ബില്യന്‍ പൗണ്ടിന് ചെല്‍സിയെ സ്വന്തമാക്കിയതോടെ 19 വര്‍ഷത്തെ റോമന്‍ അബ്രമോവിച്ച് യുഗത്തിനാണ് അന്ത്യം കുറിച്ചത്.