ബ്രസീലിന്റെ മണ്ണിലെ തന്റെ അവസാന മത്സരത്തിൽ നേടിയ വമ്പൻ വിജയത്തിൽ വൈകാരികമായി പ്രതികരിച്ച് ടിറ്റെ


ചിലിക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ടീം നേടിയ മികച്ച വിജയത്തിൽ വൈകാരികമായി പ്രതികരിച്ച് പരിശീലകൻ ടിറ്റെ. നെയ്മർ, വിനീഷ്യസ് ജൂനിയർ, ഫിലിപ്പെ കുട്ടീന്യോ, റിച്ചാർലിസൺ എന്നിവർ വല കുലുക്കിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയ ബ്രസീൽ സ്വന്തമാക്കിയത്.
ബ്രസീലിന്റെ മണ്ണിൽ താൻ ടീമിനെ ഇറക്കുന്ന അവസാനത്തെ മത്സരമായതു കൊണ്ടാണ് വിജയത്തോട് പ്രതികരിക്കുമ്പോൾ ടിറ്റെ വൈകാരികത പ്രകടിപ്പിച്ചത്. ഖത്തർ ലോകകപ്പിനു ശേഷം ടിറ്റെ ദേശീയ ടീമിന്റെ സ്ഥാനമൊഴിയുമെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ലോകകപ്പിനു മുൻപ് സ്വന്തം നാട്ടിൽ ബ്രസീൽ ഇനി ഒരു മത്സരവും കളിക്കുന്നുമില്ല.
Business as usual for Brazil ??? pic.twitter.com/k04VBIaJSh
— 433 (@433) March 25, 2022
"ഇതിനൊരുപാട് അർത്ഥങ്ങളുണ്ട്, ഒരുപാട് സാഹചര്യങ്ങളുമുണ്ട്. പലതും അതിലുണ്ട്, അവ പ്രത്യേകതയുള്ള കാര്യങ്ങളാണ്. മറക്കാനയിൽ ഇന്ന് വന്ന ആരാധകർക്ക് ഒരുപാട് നന്ദി, വളരെയധികം നന്ദി." മത്സരത്തിനു ശേഷം സ്വന്തം മണ്ണിൽ ബ്രസീലിനെ അവസാനമായി കളിപ്പിച്ചതിനെക്കുറിച്ച് ടിറ്റെ പറഞ്ഞു.
"രണ്ടു കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു. ദേശീയ ടീമിലേക്ക് വരാനും അവരുടെ ക്ലബുകളിൽ നടത്തുന്ന പ്രകടനം ആവർത്തിക്കാനും വ്യക്തിത്വവും ആത്മവിശ്വാസവുമുള്ള കളിക്കാർ. ദേശീയ ടീമിന്റെ ജേഴ്സി ധരിക്കുമ്പോഴുണ്ടാകുന്ന പ്രതീക്ഷ കാരണം അതു പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്." അദ്ദേഹം വ്യക്തമാക്കി.
യോഗ്യത ഗ്രൂപ്പിൽ ഒരു മത്സരം പോലും തോൽക്കാതെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബ്രസീലിന്റെ അടുത്ത മത്സരം ബൊളീവിയക്കെതിരെയാണ്. ഇന്നു നടന്ന മത്സരത്തിൽ ചിലിക്കെതിരെ മഞ്ഞക്കാർഡ് ലഭിച്ചു സസ്പെൻഷൻ നേടിയ നെയ്മർ, വിനീഷ്യസ് എന്നിവരില്ലാതെയാണ് ബ്രസീൽ ഇറങ്ങുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.