ബ്രസീലിൽ കറുത്ത വർഗ്ഗക്കാരായ പരിശീലകർക്കെതിരെ കൃത്യമായ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് ടിറ്റെ


കറുത്ത വർഗ്ഗക്കാരായ പരിശീലകർക്കെതിരെ വളരെ അടിത്തട്ടിൽ നിന്നും തുടങ്ങുന്ന വിവേചനം ബ്രസീലിൽ നിലനിൽക്കുന്നുണ്ടെന്ന് ദേശീയ ടീം പരിശീലകനായ ടിറ്റെ. ഇന്നലെ വെനസ്വലക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്രസീൽ വിജയം നേടിയ ലോകകപ്പ് യോഗ്യത മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ടിറ്റെ ഇതേക്കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
ബ്രസീലിൽ ആഭ്യന്തര ഫുട്ബോളിലെ ടോപ് ലീഗിൽ നിലവിൽ ഫ്ലുമിനെൻസ് പരിശീലകനായ മാർക്കാവോ മാത്രമാണ് കറുത്ത വർഗക്കാരനായ പരിശീലകനായുള്ളത്. കഴിഞ്ഞ സമ്മറിൽ റോജർ മച്ചാഡോക്ക് പകരക്കാരനായാണ് അദ്ദേഹം പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ ഒരു അഭിമുഖത്തിൽ കറുത്ത വർഗ്ഗക്കാരായ പരിശീലകർക്ക് ബ്രസീലിൽ അവസരങ്ങൾ ഇല്ലാത്തതിനെക്കുറിച്ച് മാർക്കാവോ സംസാരിച്ചതിനു പിന്നാലെ അതിനെ ടിറ്റെ പിന്തുണക്കുകയായിരുന്നു.
"എനിക്കൊരു നിലപാടെടുക്കാൻ കഴിയും. എനിക്കുണ്ടായിരുന്ന അജ്ഞതക്കെതിരെ ഞാൻ ജീവിതകാലം മുഴുവൻ പോരാടി, ഞാൻ വിവരങ്ങൾ അറിയാനും ശ്രമിച്ചു കൊണ്ടിരുന്നു. കപടതക്കെതിരെ ഞാൻ പോരാടിക്കൊണ്ടിരിക്കുന്നു, കാരണം അതില്ലെന്നു നടിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ അസ്വസ്ഥത ഉണ്ടാക്കും എന്നറിഞ്ഞിട്ടും ഞാൻ മറുപടി നൽകുന്നു. തീർച്ചയായും അത്തരത്തിലൊരു മുൻവിധിയുണ്ട്. അത് ആഴത്തിൽ വേരൂന്നിയ, വ്യവസ്ഥാപിതമായ ഒന്നാണ്," ടിറ്റെ മാർക്കാവോയുടെ വാക്കുകളെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറഞ്ഞു.
മാർക്കാവോക്ക് മുൻപ് ഫ്ലുമിനെൻസിന്റെ പരിശീലകനായിരുന്ന കറുത്ത വർഗക്കാരനായ റോജർ മച്ചാഡോ താൻ ഒപ്പം പ്രവർത്തിച്ചവരിൽ ഏറ്റവും മികച്ച അത്ലറ്റാണെന്നും ടിറ്റെ പറഞ്ഞു. പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രൊഫെഷണൽ അറിവുകൾ ഉപകാരപ്പെടാറുണ്ടെന്നും അദ്ദേഹത്തെ താൻ വളരെയധികം ബഹുമാനിക്കുന്നുവെന്നും ടിറ്റെ പറഞ്ഞു.
കറുത്ത വർഗ്ഗക്കാരായ മാനേജർമാർക്കെതിരെയാണ് ഇത്തരം മുൻവിധികൾ എന്നതിനാൽ അതിനെതിരെ പോരാടേണ്ടത് അനിവാര്യമാണെന്നും ടിറ്റെ വ്യക്തമാക്കി. അത്തരം പോരാട്ടങ്ങളെ ആഗോളതലത്തിൽ തന്നെ ഉയർത്തിക്കൊണ്ടു വന്ന് നിലനിൽക്കുന്ന വിവേചനങ്ങളെ ഇല്ലാതാക്കണമെന്നും ബ്രസീൽ പരിശീലകൻ കൂട്ടിച്ചേർത്തു.