"വിനീഷ്യസ് 2014ലെ നെയ്‌മർ"- റയൽ മാഡ്രിഡ് താരത്തെ പ്രശംസിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ
By Sreejith N

നിലവിൽ ഫുട്ബാൾ ലോകത്ത് ഏറ്റവും മൂല്യമേറിയ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റയൽ മാഡ്രിഡിലെ തുടക്കം പതുക്കെയായിരുന്നു എങ്കിലും ഇപ്പോൾ കാർലോ ആൻസലോട്ടിക്കു കീഴിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിയ താരം ദേശീയ ടീമിന്റെയും പ്രധാന കളിക്കാരനായി മാറിക്കൊണ്ടിരിക്കുകയാണ്.
2022 അവസാനം ലോകകപ്പ് നടക്കാനിരിക്കെയാണ് വിനീഷ്യസ് ജൂനിയർ തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നത്. നെയ്‌മറെ മറികടന്ന് ബ്രസീലിന്റെ പ്രധാനതാരമാവാൻ വിനീഷ്യസിന് കഴിയുമോയെന്ന് ആരാധകർ ഉറ്റുനോക്കുന്നുണ്ട്. അതിനിടയിൽ വിനീഷ്യസിനെ നെയ്‌മറോട് ഉപമിച്ചിരിക്കയാണ് ബ്രസീലിയൻ പരിശീലകനായ ടിറ്റെ.
"ഞങ്ങൾ പരിശീലനം നടത്തുമ്പോൾ ഞാൻ വിനിയോട് 'നീ 2014ലെ നെയ്‌മറാണെന്ന്' പറയാറുണ്ട്. കാരണം ബാഴ്‌സലോണ ടീമിലെയും ദേശീയടീമിലെയും ആ സമയത്തെ നെയ്‌മർ വിങ്ങിലായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ഇപ്പോൾ താരം മധ്യത്തിലാണ് കളിക്കുന്നത്." ടിറ്റെ സെക്സ്റ്റ ഈസ്ട്രല്ല പോഡ്‌കാസ്റ്റിനോട് പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.
"നെയ്‌മർ അവിടെ കളിച്ചാൽ ഒരുപാട് പിഴവുകൾ വരുത്തുമെന്ന് പലരും പറയുന്നുണ്ട്. എന്നാൽ താരത്തിന്റെ പൊസിഷനാണ് കൂടുതൽ പിഴവുകൾ വരുത്താൻ കാരണമാകുന്നത്. കാരണം താരം ക്രിയാത്മകമായി ചെയ്യുന്നതെല്ലാം വളരെ നിർണായകമായ സ്വാധീനം ചെലുത്തുന്നതാണ്." ടിറ്റെ വ്യക്തമാക്കി.
വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡ് ടീമിൽ പക്വതയോടെയുള്ള പ്രകടനം നടത്താൻ രണ്ടു വർഷമെടുത്തെങ്കിൽ ദേശീയ ടീമിനൊപ്പം അതു വേഗത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് മാർക്കയോട് സംസാരിക്കുമ്പോൾ ടിറ്റെ പറഞ്ഞിരുന്നു. കാർലോ ആൻസലോട്ടിയോട് താരത്തിൽ നിന്നും ഏറ്റവും മികച്ച പ്രകടനം ലഭിക്കാനുള്ള നിർദ്ദേശങ്ങൾ താൻ ചോദിച്ചതായും ടിറ്റെ വെളിപ്പെടുത്തി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.