നെയ്‌മറെ വിങ്ങിൽ കളിപ്പിക്കുന്ന പരിശീലകർ കഴുതകളാണെന്ന് ബ്രസീൽ കോച്ച് ടിറ്റെ

Tite Says Coaches Who Plays Neymar On Wing Is A Donkey
Tite Says Coaches Who Plays Neymar On Wing Is A Donkey / Buda Mendes/GettyImages
facebooktwitterreddit

മുന്നേറ്റനിരയുടെ മധ്യത്തിൽ നെയ്‌മറെ കളിപ്പിക്കുന്നതിനെ ചൊല്ലിയുള്ള വിമർശനങ്ങൾ തള്ളിക്കളഞ്ഞ് ബ്രസീൽ പരിശീലകൻ ടിറ്റെ. പിഎസ്‌ജി താരത്തെ മുന്നേറ്റനിരയിൽ സെൻട്രൽ റോളിൽ ഉപയോഗിക്കാതെ വിങ്ങിൽ കളിപ്പിക്കുന്ന പരിശീലകർ കഴുതകളാണെന്നാണ് ടിറ്റെ പറയുന്നത്.

ബാഴ്‌സലോണയിൽ ഇടതു വിങ്ങിൽ കളിച്ചിരുന്ന നെയ്‌മർ അവിടെ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം പ്രകടനത്തിൽ ഇടിവ് സംഭവിച്ചുവെന്ന വിമർശനം നേരത്തെ മുതൽ തന്നെ ഉണ്ടായിരുന്നു. ഫ്രഞ്ച് ക്ലബിനൊപ്പവും ബ്രസീൽ ടീമിലും മധ്യത്തിൽ കളിക്കുന്ന നെയ്‌മർ ദേശീയ ടീമിനു വേണ്ടി എഴുപതിനാല് ഗോളുകൾ നേടുകയും ചെയ്‌തിട്ടുണ്ട്‌.

"നെയ്‌മറൊരു പ്രശ്‌നമല്ല, പരിഹാരമാണ്. ആ പൊസിഷനിൽ കളിച്ചാൽ നെയ്‌മർ കൂടുതൽ പിഴവുകൾ വരുത്തുമെന്ന് ചിലർ പറയുന്നു. എന്നാൽ താരം വരുത്തുന്ന പിഴവുകൾ ആ പൊസിഷൻ കാരണമാണ്, അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ താരം ചെയ്യുന്ന കാര്യങ്ങളെല്ലാം വളരെ നിർണായകമാണ്." സെക്സ്റ്റ ഈസ്ട്രല്ല പോഡ്‌കാസ്റ്റിനോട് ടിറ്റെ പറഞ്ഞു.

"ഒരു പരിശീലകൻ നെയ്‌മറെ വിങ്ങിൽ കളിപ്പിച്ചാൽ ഞാനവരെ കഴുതയെന്നു വിളിക്കും. മികച്ച കഴിവുകളുള്ള താരത്തെപ്പോലെ ഒരാൾക്ക് അവസരങ്ങൾ ഒരുക്കാനുള്ള കഴിവിനെ അത് പരിമിതപ്പെടുത്തും. സർഗാത്മകത സ്ഥിരമായി ഉണ്ടാകുന്നതല്ല, യാദൃശ്ചികമായും സാഹചര്യങ്ങൾക്ക് അനുസരിച്ചുമാണ് ഉണ്ടാവുക. താരത്തിന്റെ സർഗ്ഗപരമായ കഴിവുകൾ കൊണ്ടു തന്നെയാണ് കൂടുതൽ പിഴവുകളും വരുന്നത്." ടിറ്റെ വ്യക്തമാക്കി.

അതേസമയം ലോകകപ്പ് അടുത്തിരിക്കെ നെയ്‌മറുടെ ക്ലബിലെ ഭാവിയിൽ വളരെയധികം സങ്കീർണതകൾ ഉണ്ടാകുന്നുണ്ട്. പിഎസ്‌ജി നേതൃത്വത്തിന് ഒഴിവാക്കാൻ താൽപര്യമുള്ള താരം ക്ലബ് വിടുന്നത് പരിഗണിക്കുന്നുണ്ട്. നെയ്‌മറോട് ചെൽസിയിലേക്ക് വരാൻ കഴിഞ്ഞ ദിവസം ബ്രസീൽ പ്രതിരോധതാരം തിയാഗോ സിൽവ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.