Football in Malayalam

ഇപ്പോഴുള്ളത് ഏറ്റവും മികച്ച കുട്ടീന്യോയല്ല, ലിവർപൂളിലെ കുട്ടീന്യോയെ തിരിച്ചെത്തിക്കുകയാണു ലക്ഷ്യമെന്ന് ടിറ്റെ

Sreejith N
FBL-FRIENDLY-BRA-CRO
FBL-FRIENDLY-BRA-CRO / OLI SCARFF/GettyImages
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിലേക്ക് ഫിലിപ്പെ കുട്ടീന്യോയെ തിരിച്ചു വിളിച്ച ടിറ്റെയുടെ തീരുമാനം ആരാധകർക്ക് അവിശ്വസനീയമായ ഒന്നായിരുന്നു. പരിക്കിൽ നിന്നും മോചിതനായി ബാഴ്‌സ ടീമിലേക്ക് തിരിച്ചെത്തിയിട്ടും മികച്ച പ്രകടനം നടത്താൻ പരാജയപ്പെട്ട താരത്തെ വമ്പൻ ഫോമിൽ കളിക്കുന്ന റയൽ താരം വിനീഷ്യസിനെ ഒഴിവാക്കിയാണ് ടിറ്റെ ടീമിൽ ഉൾപ്പെടുത്തിയത്. ഫിർമിനോക്ക് പരിക്കേറ്റതോടെ വിനീഷ്യസ് പിന്നീട് ടീമിൽ ഇടം പിടിച്ചിരുന്നു.

കൊളംബിയക്കും അർജന്റീനക്കും എതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കുട്ടീന്യോയെ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കെ ബ്രസീലിയൻ പരിശീലകൻ ന്യായീകരിച്ചു. ഇപ്പോൾ കുട്ടീന്യോ മോശം ഫോമിലാണെങ്കിലും ലിവർപൂളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്ന താരത്തെ തിരിച്ചു കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ടിറ്റെ പറയുന്നത്.

"ഇപ്പോഴത്തെ കുട്ടീന്യോ ഏറ്റവും മികച്ച കുട്ടീന്യോയല്ല, പക്ഷെ കുട്ടീന്യോ വളരെ മികച്ച കളിക്കാരനാണ്, വലിയൊരു ഭാവിയും താരത്തിനുണ്ട്. ലിവർപൂളിൽ ഉണ്ടായിരുന്ന താരത്തെ ഞങ്ങൾക്ക് തിരിച്ചു കിട്ടും. അദ്ദേഹം എത്രത്തോളം മികച്ച താരമാണെന്നു കാണിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾക്ക് തുടരേണ്ടതുണ്ട്." കൊളംബിയക്കെതിരായ മത്സരത്തിനു മുൻപ് ടിറ്റെ മാധ്യമങ്ങളോട് പറഞ്ഞു.

"പ്രതിഭയെന്നത് ചർച്ചക്കു വെക്കേണ്ട കാര്യമേയല്ല, കുട്ടീന്യോക്ക് അതില്ലായെന്ന് ഒരാൾക്കും പറയാൻ കഴിയില്ല. എന്നെ സംബന്ധിച്ച് രണ്ടു സൈഡിലും ഉള്ളിലും പുറത്തുമെല്ലാം കളിക്കാൻ കഴിയുന്ന താരമാണ് കുട്ടീന്യോ. ഫൈനൽ പാസുകൾ നൽകാൻ കഴിയുന്ന താരം ടീമിന് അവിഭാജ്യ ഘടകമാണ്." ബ്രസീലിയൻ പരിശീലകൻ വ്യക്തമാക്കി.

വിനീഷ്യസ് ജൂനിയറിനെ തങ്ങൾ ക്ഷമയോടെ മനസിലാക്കി വരികയാണെന്നും ടിറ്റെ പറഞ്ഞു. റയൽ മാഡ്രിഡ് ടീമുമായി ഇണങ്ങിച്ചേരാൻ കുറച്ചു സമയമെടുത്ത താരത്തിന് ദേശീയ ടീമിലും അതിനു കഴിയുമെന്നും അതിനെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

facebooktwitterreddit