Football in Malayalam

മെസിയെ തടുക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രസീലിയൻ പരിശീലകൻ ടിറ്റെ

Sreejith N
Brazil Global Tour - Brazil v Argentina
Brazil Global Tour - Brazil v Argentina / Quinn Rooney/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന അർജന്റീന നായകൻ ലയണൽ മെസിയെ ഫൈനലിൽ തടുക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രസീലിയൻ പരിശീലകൻ ടിറ്റെ. എന്നാൽ അതെങ്ങിനെയാണെന്നു വെളിപ്പെടുത്താൻ തയ്യാറല്ലെന്നും മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളൊടു സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

മെസിയെ മത്സരത്തിൽ മാൻ മാർക്കിങ് കൊണ്ടു തടയാനാണോ ഉദ്ദേശമെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ടിറ്റെ. "എനിക്കറിയാം, പക്ഷെ അതു നിങ്ങളോട് പറയുന്നില്ല. ഞങ്ങൾ പിൻവലിഞ്ഞു കളിക്കില്ല, അവരുടെ ആക്രമണങ്ങളെ കുറക്കാനാണ് ശ്രമിക്കുക." ബ്രസീൽ പരിശീലകൻ വ്യക്തമാക്കി.

ഇരുപത്തിയെട്ടു വർഷമായി അർജന്റീന കിരീടം സ്വന്തമാക്കിയിട്ടില്ലെന്നത് ബ്രസീലിനെതിരായ കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന കാര്യമല്ലെന്നും ടിറ്റെ പറഞ്ഞു. "അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. കഴിഞ്ഞു പോയ കാര്യങ്ങളെ കണക്കിലെടുക്കേണ്ട കാര്യമില്ല. ഞങ്ങൾ കഴിഞ്ഞ രണ്ടു കോപ്പ അമേരിക്കയിൽ പരാജയം അറിഞ്ഞിട്ടില്ല, കണക്കിലും ഞങ്ങൾക്കു തന്നെയാണ് പ്രാധാന്യം. പക്ഷെ അതൊന്നും പ്രാധാന്യമർഹിക്കുന്നില്ല."

അർജന്റീനക്കെതിരെ ബ്രസീൽ അഞ്ചു ഗോളിന് വിജയിക്കുമെന്ന പ്രസിഡന്റ് ബോൾസൊനാറോയുടെ പ്രസ്‌താവന ടിറ്റെ അംഗീകരിച്ചില്ല. ഒരു മെന്റൽ മാരത്തനാണ് തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും മാധ്യമങ്ങളും ആരാധകരും പറയുന്നതിൽ നിന്നും തയ്യാറെടുപ്പിലും ട്രെയിനിംഗിലുമെല്ലാം ബ്രസീലിന്റെ കളി വ്യത്യസ്‌തമാണെന്നും അദ്ദേഹം പറഞ്ഞു.

ക്വാർട്ടർ ഫൈനലിൽ ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസ് ഇല്ലാതെയാണ് ബ്രസീൽ മത്സരത്തിനിറങ്ങുന്നത്. ഇതിനു പുറമെ പരിക്ക് മൂലം യുവന്റസ് പ്രതിരോധതാരം അലക്‌സ് സാൻഡ്രോയും ഫൈനൽ മത്സരത്തിനുണ്ടാവാൻ സാധ്യതയില്ല.

facebooktwitterreddit