തനിക്കു ശേഷം ബ്രസീൽ ടീം പരിശീലകൻ ആരാകണമെന്ന കാര്യത്തിൽ അഭിപ്രായം പറഞ്ഞ് ടിറ്റെ


കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ ലോകത്തു വന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു ഖത്തർ ലോകകപ്പിനു ശേഷം ബ്രസീൽ ടീം പരിശീലകനായി പെപ് ഗ്വാർഡിയോള സ്ഥാനമേറ്റെടുക്കുമെന്ന്. പ്രതിവർഷം പന്ത്രണ്ടു മില്യൺ യൂറോ പ്രതിഫലമായി നൽകി നാലു വർഷത്തെ കരാർ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ ഗ്വാർഡിയോളക്ക് വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ പെപ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മാർക്ക പുറത്തുവിട്ട അഭിമുഖത്തിൽ ഇതേക്കുറിച്ച് നിലവിലെ ബ്രസീലിയൻ പരിശീലകനായ ടിറ്റെ പ്രതികരിക്കുകയുണ്ടായി. ഖത്തർ ലോകകപ്പിനു ശേഷം ബ്രസീൽ ദേശീയടീമിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന വ്യക്തമാക്കിയ അദ്ദേഹം പക്ഷെ തനിക്കു പകരക്കാരനായി ഗ്വാർഡിയോളയെയല്ല, മറിച്ച് ബ്രസീലിൽ തന്നെയുള്ള മികച്ച പരിശീലകരെയാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
ഖത്തർ ലോകകപ്പിനു ശേഷം വിശ്രമം എടുക്കുമോയെന്ന ചോദ്യത്തിന് മാർക്കയോട് സംസാരിക്കുമ്പോൾ ടിറ്റെ ഇങ്ങിനെ മറുപടി നൽകി. "കുറച്ചെല്ലാം. കുടുംബവും വളരെയധികം തുറന്നു കാണിക്കപ്പെടുന്നു. ഇതൊരു വലിയതും മനോഹരവുമായ കാര്യമാണെങ്കിലും വളരെ നീണ്ടു നിൽക്കുന്നതാണ്." ടിറ്റെ പറഞ്ഞു. അതിനു ശേഷം എന്തെന്ന കാര്യം ഇതുവരെയും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെപ് ഗ്വാർഡിയോള ബ്രസീൽ പരിശീലകനായി വരുമെന്ന അഭ്യൂഹങ്ങളിലും ടിറ്റെ പ്രതികരിച്ചു. ഒരുപാട് സമയം ഇനിയും അവശേഷിക്കുന്നുണ്ട്. ഒരുപാട് മികച്ച ബ്രസീലിയൻ പരിശീലകരും ഇവിടെയുണ്ട്. എനിക്ക് ചിന്തിക്കാനും ചികഞ്ഞു നോക്കാനും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്."
ബ്രസീൽ ദേശീയ ടീമിൽ ബ്രസീലിയൻ പരിശീലകരെ നിയമിക്കാനാണോ താൽപര്യമെന്ന ചോദ്യത്തിന് അതേയെന്നാണ് അദ്ദേഹം മറുപടി നൽകിയത്. തനിക്കതു പറയാനുള്ള അവകാശമില്ലെങ്കിലും അങ്ങിനെയാണ് ആഗ്രഹിക്കുന്നതെന്നും മറ്റുള്ള എല്ലാ പരിശീലകരോടും ബഹുമാനമുണ്ടെന്നും ടിറ്റെ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.