അർജന്റീന-ബ്രസീൽ മത്സരത്തിലെ റഫറിയിങ്ങിനെ രൂക്ഷമായി വിമർശിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ


അർജന്റീനയും ബ്രസീലും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലെ റഫറിയിങ്ങിനെ രൂക്ഷമായി വിമർശിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ. ഇരുടീമുകളും ഗോളുകൾ നേടാൻ പരാജയപ്പെട്ട മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രസീൽ മുന്നേറ്റനിര താരം റഫിന്യയെ അർജന്റീന പ്രതിരോധതാരം ഒട്ടമെൻഡി മുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയിട്ടും വീഡിയോ റഫറി വേണ്ട നടപടി എടുക്കാതിരുന്നതിനെയാണ് ടിറ്റെ വിമർശിച്ചത്.
മത്സരത്തിനിടെ വിങ്ങിൽ നിന്നും മനോഹരമായി കുതിച്ചെത്തിയ റഫിന്യയിൽ നിന്നും പന്തു കൈക്കലാക്കിയതിനു ശേഷമാണ് ഒട്ടമെൻഡി അസ്വാഭാവികമായി കയ്യുയർത്തി ലീഡ്സ് യുണൈറ്റഡ് താരത്തിന്റെ മുഖത്തിടിച്ചത്. മുഖത്തു നിന്നും ചോര വാർന്നതിനെ തുടർന്ന് റഫിന്യ പ്രതിഷേധിച്ചതിനെ തുടർന്ന് ആ ദൃശ്യങ്ങൾ വീഡിയോ റഫറി പരിശോധിച്ചെങ്കിലും ഏറ്റവും ചുരുങ്ങിയത് മഞ്ഞക്കാർഡ് കിട്ടേണ്ടിയിരുന്ന ഫൗളിന് യാതൊരു നടപടിയും ഉണ്ടായില്ല.
Raphinha left bloodied after this incident involving Otamendi, who escapes punishment.#ARGXBRA #WCQ
— Sacha Pisani (@Sachk0) November 17, 2021
pic.twitter.com/cACShhhB6N
"കുന്യ വളരെ മികച്ചൊരു റഫറിയാണ്. റഫറിയിങ്ങിന് ഒരു ടീം തന്നെ ആവശ്യമാണ്, വിഎആറിൽ ഇരുന്നത് ആരായാലും ഇത് അസാധ്യമായ കാര്യമാണ്. ഞാനത് ആവർത്തിക്കാൻ പോകുന്നു, ഒട്ടമെൻഡി റഫിന്യയുടെ മുഖത്തു മുട്ടുകൊണ്ടിടിച്ചത് കാണാതിരിക്കാൻ കഴിയില്ല."
"ഉയർന്ന നിലവാരത്തിലുള്ള ഒരു വിഎആർ ഒഫിഷ്യലിന് ഒരിക്കലും ഇങ്ങിനെ ജോലി ചെയ്യാൻ കഴിയില്ല. അത് അചിന്തനീയം തന്നെയാണ്, അചിന്തനീയം എന്നതല്ല ഞാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വാക്ക്, എനിക്ക് മര്യാദയുള്ളതു കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത്." ടിറ്റെ മാധ്യമങ്ങളോട് തുറന്നടിച്ചു.
നെയ്മറെപ്പോലെ അസാധാരണ കഴിവുകളുള്ള ഒരു താരത്തിന്റെ അഭാവത്തിൽ മെസിയെപ്പോലൊരു മികച്ച കളിക്കാരനെതിരെ ഇറങ്ങുമ്പോൾ തങ്ങളുടെ ടീമിനെ അഴിച്ചു പണിയേണ്ടിയിരുന്നു എന്നും ടിറ്റെ പറഞ്ഞു. രണ്ടു ടീമിനും മികച്ച നിലവാരമുള്ളതു കൊണ്ടാണ് ഒരാൾക്കും മത്സരത്തെ പൂർണമായും നിയന്ത്രിക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.