Football in Malayalam

കുട്ടീന്യോ തിരികെയെത്തി, തകർപ്പൻ ഫോമിലായിട്ടും ബ്രസീൽ ടീമിൽ നിന്നും വിനീഷ്യസ് പുറത്ത്

Sreejith N
Brazil national team
Brazil national team / Buda Mendes/GettyImages
facebooktwitterreddit

ഈ സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി മികച്ച ഫോമിൽ കളിക്കുന്ന വിനീഷ്യസ് ജൂനിയറിനെ കൊളംബിയക്കും അർജന്റീനക്കുമെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നും തഴഞ്ഞ് ബ്രസീൽ പരിശീലകൻ ടിറ്റെ. അതേസമയം പരിക്കു മാറി കളിക്കളത്തിൽ തിരിച്ചെത്തിയതിനു ശേഷം ബാഴ്‌സലോണ ടീമിനൊപ്പം ഫോം വീണ്ടെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കുട്ടീന്യോ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഈ സീസണിൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി പതിമൂന്നു മത്സരങ്ങൾ കളിച്ച വിനീഷ്യസ് ഏഴു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ബെൻസീമക്ക് പിന്നിൽ റയലിന്റെ ടോപ് സ്കോററായി നിൽക്കുന്ന താരം ഷക്തറിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേടിയ ഗോളും ബാഴ്‌സലോണക്കെതിരെ നടത്തിയ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

എന്നാൽ ടീമിലെ സ്ഥാനം ലഭിക്കണമെങ്കിൽ റയൽ മാഡ്രിഡ് താരം ഇനിയുമൊരുപാട് മുന്നോട്ടു പോകേണ്ടതുണ്ടെന്ന സന്ദേശമാണ് ഇപ്പോഴത്തെ ബ്രസീൽ ടീം തിരഞ്ഞെടുപ്പിലൂടെ ടിറ്റെ നൽകുന്നത്. താരത്തിനു പകരം വിങ്ങർമാരായി ലീഡ്‌സ് യുണൈറ്റഡിന്റെ റാഫിന്യ, അയാക്‌സിന്റെ ആന്റണി എന്നിവരെയാണ് ടിറ്റെ ടീമിലേക്ക് പരിഗണിക്കുന്നത്.

അതേസമയം 2020 ഒക്ടോബറിൽ ബ്രസീലിനായി അവസാനം കളിച്ച ഫിലിപ്പെ കുട്ടീന്യോ സ്‌ക്വാഡിൽ തിരിച്ചെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്. പരിക്കു മാറി തിരിച്ചെത്തിയ താരത്തിന് ബാഴ്‌സലോണയിൽ വളരെ കുറഞ്ഞ സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിൽ തന്നെ തന്റെ പ്രതിഭ തെളിയിക്കുന്ന പ്രകടനം നടത്താൻ കുട്ടീന്യോക്ക് കഴിഞ്ഞിട്ടുമില്ല.

ബ്രസീൽ സ്‌ക്വാഡ്:

ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്‌സൺ, ഗബ്രിയേൽ

ഡിഫെൻഡേഴ്‌സ്: ഡാനിലോ, എമേഴ്‌സൺ, അലക്സ് സാൻഡ്രോ, റെനാൻ ലോദി, എഡർ മിലിറ്റാവോ, ലൂക്കാസ് വെരിസിമോ, മാർക്വിന്യോസ്, തിയാഗോ സിൽവ

മിഡ്‌ഫീൽഡേഴ്‌സ്: കസെമിറോ, ഫാബിന്യോ, ഫ്രെഡ്, ഗേഴ്‌സൺ, ലൂക്കാസ് പക്വറ്റ, കൂട്ടീന്യോ

ഫോർവേഡ്‌സ്: ആന്റണി, ഫിർമിനോ, ഗബ്രിയേൽ ജീസസ്, മാത്തേവൂസ് കുന്യ, നെയ്‌മർ, റാഫിന്യ

facebooktwitterreddit