Top Stories

"ഇതു ചാമ്പ്യന്മാരാവാനുള്ള സമയം"- ലോകകിരീടം ലക്ഷ്യമിട്ട് ബ്രസീലിയൻ പരിശീലകൻ ടിറ്റെ

Sreejith N
Tite Confident Brazil Can Win World Cup
Tite Confident Brazil Can Win World Cup / Masashi Hara/GettyImages
facebooktwitterreddit

ഖത്തർ ലോകകപ്പിൽ ബ്രസീലിനു കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പരിശീലകൻ ടിറ്റെ. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും തോൽക്കാതെ ടൂർണമെന്റിനു യോഗ്യത നേടിയ ബ്രസീൽ ഇത്തവണ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ്.

ഏറ്റവുമധികം ലോകകപ്പ് നേടിയ ടീമാണ് ബ്രസീലെങ്കിലും 2002നു ശേഷം അവർക്ക് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ബ്രസീൽ ടീമിനൊപ്പം നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്നതിനാൽ കിരീടത്തിനായി പൊരുതാനുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടിറ്റെ.

"ഞാൻ പ്രതീക്ഷയോടെയും ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് നിൽക്കുന്നത്. നമ്മൾ ലോകകപ്പിൽ എത്തി, ഇനി ഫൈനലിൽ എത്താനും ചാമ്പ്യന്മാരാകാനുമുള്ള സമയമാണ്. അതാണ് ശരി. അവസാനത്തെ ലോകകപ്പിൽ സാഹചര്യങ്ങൾ കൊണ്ടാണ് പരിശീലകനായത്. എന്നാലിപ്പോൾ നാല് വർഷത്തെ ആവൃത്തി പൂർത്തിയാക്കാനുള്ള അവസരം എനിക്കുണ്ട്."

"പ്രതീക്ഷകൾ വളരെയധികമാണെങ്കിലും ജോലിയിലാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങൾ അഭിമുഖീകരിക്കുന്ന സമ്മർദ്ദമാണ് പ്രധാന പ്രശ്‌നം. ഉത്തരവാദിത്വവും ഓരോ പൊസിഷനിലുമുള്ള സമ്മർദ്ദവും ആവശ്യങ്ങളും എല്ലാം കൂടുതലാണ്."

"ഞാനൊരു ആരാധകൻ ആയിരിക്കുമ്പോൾ ടീം ഏറ്റവും മികച്ചതാവാനാണ് ആഗ്രഹിച്ചിരുന്നത്. അതു ഞങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നു. പക്ഷെ മാനസികാരോഗ്യവും വളരെ പ്രധാനമാണ്. മണ്ടേല പറഞ്ഞതു പോലെ ഭയത്തെ നേരിടാനുള്ള കഴിവാണ് ധൈര്യം." ഗാർഡിയനോട് സംസാരിക്കുമ്പോൾ ടിറ്റെ പറഞ്ഞു.

മികച്ച ടീമുമായി ബ്രസീൽ ലോകകപ്പിനെത്തുമ്പോൾ അവരെ വെല്ലുവിളിക്കാൻ കഴിയുന്ന നിരവധി ടീമുകളുണ്ട്. കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീനക്കൊപ്പം ഫ്രാൻസ്, ബെൽജിയം, സ്പെയിൻ, ജർമനി എന്നീ ടീമുകളെല്ലാം ഈ വര്ഷം നടക്കുന്ന ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit