Neymar Jr

നെയ്‌മറെക്കാൾ മികച്ചതോ വിനീഷ്യസ്? ബ്രസീൽ പരിശീലകൻ ടിറ്റെ പറയുന്നു

Sreejith N
Tite Believes Neymar Is The Main Star For Brazil
Tite Believes Neymar Is The Main Star For Brazil / Buda Mendes/GettyImages
facebooktwitterreddit

സ്വന്തം നാട്ടിൽ വെച്ച് കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റ് കിരീടം അർജന്റീനക്കു മുന്നിൽ അടിയറവു വെക്കേണ്ടി വന്നത് ബ്രസീൽ ടീമിന് വലിയ സമ്മർദ്ദങ്ങൾക്കു കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ലോകകപ്പിനു വേണ്ടി തയ്യാറെടുക്കുമ്പോൾ അവർക്ക് കിരീടം മാത്രമാണ് ലക്‌ഷ്യം.

ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീലിയൻ ടീമിലെ താരങ്ങളിൽ നെയ്‌മറാണോ വിനീഷ്യസാണോ മികച്ചതെന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ സീസണിൽ 22 ഗോളുകളും 20 അസിസ്റ്റുകളും സ്വന്തമാക്കിയ വിനീഷ്യസ് റയൽ മാഡ്രിഡിന് രണ്ടു കിരീടങ്ങളും സ്വന്തമാക്കി നൽകിയെങ്കിലും ബ്രസീൽ ടീമിന്റെ പ്രധാന താരമായി നെയ്‌മർ തന്നെ തുടരുമെന്നാണ് ടിറ്റെ പറയുന്നത്.

"നെയ്‌മർ നെയ്‌മറാണ്. അവൻ ഞങ്ങളുടെ ഏറ്റവും വലിയ താരമായി തുടരും. ഒപ്പമുള്ള, മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരങ്ങൾ ആ തിളക്കത്തെ നേർപ്പിച്ചിട്ടുണ്ട് എന്നതു മാത്രമാണ് വ്യത്യാസം. നെയ്‌മറുടെ മഹത്വം ഈ കുട്ടികളുടെ വളർച്ച മനസിലാക്കുന്നു എന്നതു കൂടിയാണ്. താരം അവർക്ക് പ്രചോദനം നൽകുന്നു. സമയവും പരിചയസമ്പത്തും നെയ്‌മർക്ക് പക്വത നൽകുന്നു."

"നെയ്‌മറുടെ പ്രതിഭകൊണ്ടു തന്നെ എല്ലായിപ്പോഴും പ്രതീക്ഷകളും ഉണ്ടായിരിക്കും. പക്ഷെ അതിപ്പോൾ നേർത്തു വന്നിരിക്കുന്നു. നെയ്‌മറും അതിനൊപ്പം വിനീഷ്യസ്, റാഫിന്യ, തിയാഗോ സിൽവ എന്നിവരും ഉയർന്ന തലത്തിലാണ് നിൽക്കുന്നത്. പക്വറ്റ, കസമീറോ, ഫാബിന്യോ എന്നിവരുമതേ." ദി ഗാർഡിയനോട് ടിറ്റെ പറഞ്ഞു.

ടിറ്റെ ബ്രസീൽ ടീമിൽ നടത്തുന്ന ശൈലി പലപ്പോഴും ചോദ്യം ചെയ്യപ്പെടലിനു വിധേയമായിട്ടുണ്ടെങ്കിലും അതിൽ കഴമ്പൊന്നും ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ വിജയക്കുതിപ്പ് നോക്കിയാൽ അത് മനസിലാകുമെന്നും ബ്രസീൽ പരിശീലകൻ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit