Football in Malayalam

മറ്റൊരു മെസിയെ ക്ലോൺ ചെയ്‌തുണ്ടാക്കാം, ലയണൽ മെസി കണ്ണീർ തുടച്ച പേപ്പറിന്റെ വില ഒരു മില്യൺ ഡോളർ

Sreejith N
Lionel Messi of Barcelona Press Conference
Lionel Messi of Barcelona Press Conference / Eric Alonso/Getty Images
facebooktwitterreddit

ബാഴ്‌സലോണയോട് വിട പറഞ്ഞ പത്രസമ്മേളനത്തിനിടെ കണ്ണീർ തുടച്ച ടിഷ്യൂ പേപ്പർ ഉപേക്ഷിക്കുമ്പോൾ ലയണൽ മെസി ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അത് ഒരാൾ കണ്ടെത്തുമെന്നും പിന്നീടത് വിൽപ്പനക്ക് വെക്കുമെന്നും. എന്നാൽ മെസിക്കു പോലും നിശ്ചയമില്ലാത്ത താരത്തിന്റെ മൂല്യത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള ഒരു വ്യക്തി ആ പേപ്പർ കണ്ടെത്തുകയും അതു ലേലത്തിനു വെക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

യൂറോപ്പിലെ വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ലോകമെമ്പാടുമുള്ള നിരവധി വെബ്‌സൈറ്റുകളിൽ ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യൂ പേപ്പർ വാങ്ങാൻ കഴിയുമെന്ന പരസ്യം വരുന്നുണ്ട്. അതു കണ്ടെത്തിയ ആൾ ഒരു മില്യൺ ഡോളറാണ് (ഏഴരക്കോടിയോളം ഇന്ത്യൻ രൂപ) മെസി കണ്ണീർ തുടച്ച് ഉപേക്ഷിച്ച കടലാസിന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. അതേസമയം ആരാണിതു വിൽപ്പനക്ക് വെച്ചിരിക്കുന്നതെന്ന വിവരങ്ങൾ ലഭ്യമല്ല.

ലയണൽ മെസിയുടെ കണ്ണീർ അതിൽ അടങ്ങിയിട്ടുള്ളതു കൊണ്ടു തന്നെ ജനിതകപരമായ പരീക്ഷണങ്ങൾ നടത്തി മറ്റൊരു മെസിയെ ഉണ്ടാക്കാൻ ആ ടിഷ്യൂ പേപ്പർ കൊണ്ടു കഴിയുമെന്നാണ് വിൽപ്പനക്ക് വെച്ചവർ അവകാശപ്പെടുന്നത്. ഒരു നാപ്‌കിൻ കടലാസിൽ പ്രാഥമിക കരാറൊപ്പിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറിയ മെസി ബാഴ്‌സ വിടുമ്പോൾ ഉപയോഗിച്ച നാപ്‌കിനും വാർത്തകളിൽ ഇടം പിടിക്കുന്നുവെന്നതാണ് യാദൃശ്ചികത്വമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

ബാഴ്‌സലോണ വിട്ട മെസി അതിനു പിന്നാലെ തന്നെ പിഎസ്‌ജിയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയെങ്കിലും ഇതുവരെയും ക്ലബിനു വേണ്ടി കളത്തിലിറങ്ങിയിട്ടില്ല. വളരെ വൈകി ടീമിനൊപ്പം ചേർന്നതു കൊണ്ട് മെസിയടക്കമുള്ള ഏതാനും താരങ്ങൾക്ക് കൂടുതൽ ട്രെയിനിങ് സെഷനുകൾ പൂർത്തിയാക്കിയതിനു ശേഷമേ ടീമിനു വേണ്ടി ആദ്യത്തെ മത്സരത്തിനിറങ്ങാൻ സാധിക്കുകയുള്ളൂ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit