അർജന്റീനയുടേത് ഉജ്ജ്വല ടീം, ലോകകപ്പ് കിരീടം നേടാൻ സാധ്യതയുണ്ടെന്ന് ജർമൻ താരം ടിമോ വെർണർ


നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് അർജന്റീനയെന്ന് ജർമൻ മുന്നേറ്റനിരതാരമായ ടിമോ വെർണർ. കഴിഞ്ഞ ദിവസം ക്രൊയേഷ്യൻ മധ്യനിര താരമായ ലൂക്ക മോഡ്രിച്ച് ഇത്തവണ ലോകകിരീടം നേടാൻ അർജന്റീനക്ക് സാധ്യതയുണ്ട് എന്നു പറഞ്ഞതിന് പിന്നാലെയാണ് വെർണറും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചത്.
ലയണൽ സ്കലോണി പരിശീലകനായി എത്തിയതിനു ശേഷം അർജന്റീന പടിപടിയായി കരുത്തരായി വരുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടം നേടിയ ടീം ജൂൺ ആദ്യത്തിൽ ഇറ്റലിയെ കീഴടക്കി ഫിനാലിസിമ കിരീടവും സ്വന്തമാക്കി. നായകൻ ലയണൽ മെസി തന്നെയാണ് അർജന്റീനയുടെ സാധ്യത വർധിപ്പിക്കുന്നതെന്നാണ് വെർണർ പറയുന്നത്.
Timo Werner of Germany: "Argentina are brilliant. We saw it against Italy, they scored three goals against them in that final. I think they are favorites at the World Cup." 🇦🇷 pic.twitter.com/qKO18UfFPt
— Roy Nemer (@RoyNemer) June 15, 2022
"അർജന്റീന എല്ലായിപ്പോഴും ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ്. പ്രത്യേകിച്ചും ലയണൽ മെസിയും മറ്റനേകം മികച്ച താരങ്ങളും സ്ക്വാഡിൽ ഉള്ളതിനാൽ തന്നെ. അവർ ഉജ്ജ്വലമായ ടീമാണ്. അവർ ഇറ്റലിക്കെതിരെ മൂന്നു ഗോളുകൾ നേടി. തീർച്ചയായും അർജന്റീന ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ്." ഇഎസ്പിഎന്നിനോട് സംസാരിക്കുമ്പോൾ വെർണർ പറഞ്ഞു.
അതേസമയം ലോകകപ്പിനു പുതിയ പരിശീലകനായ ഹാൻസി ഫ്ലിക്കിനു കീഴിൽ തയ്യാറെടുപ്പുകൾ നടത്തുകയാണ് ജർമനിയും. യുവേഫ നേഷൻസ് ലീഗിലെ ആദ്യത്തെ മൂന്നു മത്സരങ്ങളിൽ സമനില വഴങ്ങിയ ജർമനി അതിനു ശേഷമുള്ള മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയം നേടിയിരുന്നു. ബയേണിന് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്ത പരിശീലകനു കീഴിൽ കൂടുതൽ മെച്ചപ്പെടാമെന്ന പ്രതീക്ഷയിലാണ് ജർമനി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.