Football in Malayalam

ഓപ്പൺ ട്രെയിനിങ് സെഷനിൽ വെർണറെ അധിക്ഷേപിച്ച് ചെൽസി ആരാധകൻ, പിന്തുണ നൽകിയവർക്ക് നന്ദി പറഞ്ഞ് ജർമൻ താരം

Sreejith N
Chelsea v Crystal Palace - Premier League
Chelsea v Crystal Palace - Premier League / James Williamson - AMA/Getty Images
facebooktwitterreddit

ആർബി ലീപ്‌സിഗിനൊപ്പം നടത്തിയിട്ടുള്ള പ്രകടനത്തിന്റെ അടുത്തു പോലുമെത്താൻ കഴിഞ്ഞ സീസണിൽ ചെൽസിക്കൊപ്പം വെർണർക്ക് കഴിഞ്ഞിട്ടില്ലെങ്കിലും ടീമിന്റെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ ജർമൻ താരം ഒരു നിർണായക ഘടകമായിരുന്നു. ഒട്ടനവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട് എങ്കിലും എതിർ പ്രതിരോധത്തെ കീറിമുറിക്കുന്ന താരത്തിന്റെ റണ്ണുകളും വേഗതയും ചെൽസിക്ക് വളരെയധികം ഗുണം ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ സീസണിലാകെ ആറു ലീഗ് ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും പതിനഞ്ച് അസിസ്റ്റുകൾ താരം എല്ലാ മത്സരങ്ങളിലുമായി സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ വെർണറുടെ പ്രകടനത്തിൽ തൃപ്‌തിയില്ലാത്ത ചെൽസി ആരാധകരിലൊരാൾ കഴിഞ്ഞ ദിവസം താരത്തിനെതിരെ ട്രൈനിങ് സെഷനിടയിൽ നടത്തിയ അധിക്ഷേപമാണ് ഇപ്പോൾ വാർത്തയാകുന്നത്.

കാണികൾക്ക് പ്രവേശനമുണ്ടായിരുന്ന ചെൽസിയുടെ ഓപ്പൺ ട്രെയിനിങ് സെഷനിടയിൽ മൈക്രോഫോണിലൂടെ താരങ്ങൾക്ക് പിന്തുണ നൽകാനുള്ള അവസരം ആരാധകർക്ക് നൽകിയപ്പോൾ ഒരാൾ അതിനെ ഉപയോഗപ്പെടുത്തിയത് വെർണർക്കെതിരായ അഭിപ്രായം രേഖപ്പെടുത്താനാണ്. "ശരിയായ കാര്യം ഞാൻ പറയാം, വെർണറെ ടീമിൽ നിന്നും ഒഴിവാക്കൂ" എന്നാണു ആരാധകൻ മൈക്രോഫോണിലൂടെ വിളിച്ചു പറഞ്ഞത്.

ലുക്കാക്കു ടീമിലെത്തിയതോടെ ഈ സീസണിൽ അവസരങ്ങൾ കുറയുമെന്ന് ഉറപ്പുള്ള വെർണർക്ക് ആരാധകന്റെ പ്രതികരണം കൂടുതൽ നിരാശ നൽകുന്നതാകുമെങ്കിലും അതിനു ശേഷം ചെൽസി ഫാൻസ്‌ താരത്തിന് വളരെയധികം പിന്തുണ സാമൂഹ്യ മാധ്യമങ്ങളിലൂടെ നൽകിയെന്നാണ് അനുമാനിക്കേണ്ടത്. ഈ സംഭവത്തിനു ശേഷം ചെൽസി ആരാധകർ നൽകിയ പിന്തുണക്കും സ്നേഹത്തിനും താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞിരുന്നു.

കഴിഞ്ഞ സീസണിലെ തന്റെ പ്രകടനം നിരാശപ്പെടുത്തിയെന്നും ഈ സീസണിൽ അതിനെ മറികടക്കാൻ ശ്രമിക്കുമെന്നും വെർണർ സീസൺ ആരംഭിക്കുന്നതിനു മുൻപു തന്നെ പറഞ്ഞിരുന്നു. ലുക്കാക്കു ടീമിലെത്തിയതിനാൽ മുന്നേറ്റനിരയിൽ മത്സരം വർധിക്കുമെന്നതിനാൽ ഈ സീസണിൽ താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

facebooktwitterreddit