ലിവര്‍പൂളിനെ ഒഴിവാക്കി ചെല്‍സിയെ തിരഞ്ഞെടുത്തതില്‍ നിരാശയില്ലെന്ന് ടിമോ വെര്‍ണര്‍

ലിവര്‍പൂളിനെ ഒഴിവാക്കി ചെല്‍സിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് ഒരിക്കലും നിരാശ തോന്നിയിട്ടില്ലെന്ന് ചെല്‍സിയുടെ ജര്‍മന്‍ താരം ടിമോ വെര്‍ണര്‍. ജര്‍മന്‍ ക്ലബായ ആര്.ബി ലെപ്സിഗിൽ നിന്ന് വെര്‍ണറിനെ ആന്‍ഫീല്‍ഡിലെത്തിക്കാന്‍ ലിവർപൂൾ നീക്കം നടത്തിയിരുന്നു. എന്നാല്‍ 47.5 മില്യന്‍ പൗണ്ട് നല്കി താരത്തെ ചെല്‍സി സ്വന്തമാക്കുകയായിരുന്നു.
പിന്നീട് ചെല്‍സിയുടെ മുന്നേറ്റനിരയിലെത്തിയ വെര്‍ണര്‍ക്ക് ബുണ്ടസ്ലിഗയില് പുറത്തെടുത്ത അതേ പ്രകടനം പ്രീമിയര്‍ ലീഗില്‍ കാഴ്ചവെക്കാൻ ആയിട്ടില്ല. എങ്കിലും, ചെൽസിയെ തിരഞ്ഞെടുത്ത തീരുമാനത്തിൽ തനിക്ക് നിരാശയില്ലെന്നാണ് വെർണർ വ്യക്തമാക്കുന്നത്.
"എനിക്ക് പറയാന്‍ കഴിയുന്ന ഒരേ ഒരു കാര്യം അവര്‍ക്ക് ഒരു ജര്‍മന്‍ മാനേജര്‍ ഉണ്ടെന്നതാണ്. എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്ക് മുന്‍പെ അറിയാം. ഞാന്‍ സ്റ്റുട്ട്ഗാട്ടിൽ ആയിരുന്നപ്പോള്‍ ഡോര്‍ട്മുണ്ടിലേക്ക് പോകുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. പിന്നെ ഞാൻ അത്ര നന്നായി കളിച്ചില്ല, അതോടെ അത് തീർന്നു.
"ഞാന്‍ ലെപ്സിഗില്‍ ആയിരുന്നപ്പോള്‍ പ്രീമിയര്‍ ലീഗിലേക്ക് വരാനുള്ള സാധ്യതയുണ്ടായിരുന്നു. ഈ സമയത്ത് ലിവര്‍പൂളും എന്റെ ചിന്തകളില്‍ ഉണ്ടായിരുന്നു. അത് എനിക്ക് വലിയ സാധ്യതയായിരുന്നു. പക്ഷെ അവസാനം ഞാന്‍ ചെല്‍സി തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഞാന്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടി. അത് ഏറ്റവും മോശം തീരുമാനമായിരുന്നില്ല," വെര്‍ണര്‍ ഈവനിങ് സ്റ്റാന്‍ഡേര്‍ഡിനോട് വ്യക്തമാക്കി.