കൂടുതൽ ഹാട്രിക്കുകൾ നേടാനുള്ള സമയമായി; ആരാധകർക്ക് സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

നോർവിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന്റെ വിജയം സ്വന്തമാക്കിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് നേടിയിരുന്നു.
മത്സരത്തിന്റെ 7, 32, 76 മിനിറ്റുകളിലായിരുന്നു നോർവിച്ചിനെതിരെയുള്ള റൊണാൾഡോയുടെ ഗോളുകൾ. പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ കരിയറിലെ 60ആം ഹാട്രിക്കായിരുന്നു നോർവിച്ചിനെതിരെ പിറന്നത്.
ഇപ്പോഴിതാ, കൂടുതൽ ഹാട്രിക്കുകൾ നേടാനുള്ള സമയമായി എന്ന സന്ദേശമാണ് റൊണാൾഡോ നൽകുന്നത്. ഇത് വരെ റൊണാൾഡോ നേടിയ ഹാട്രിക്കുകളിൽ 30 എണ്ണം താരത്തിന് 30 വയസ്സാകുന്നതിന് മുൻപും, ബാക്കി 30 എണ്ണം 30 വയസ് തികഞ്ഞതിന് ശേഷവുമായിരുന്നു. 30 വയസിന് മുൻപ് 30 ഹാട്രിക്കുകൾ, 30 വയസിന് ശേഷം 30 ഹാട്രിക്കുകൾ എന്ന ബാലൻസ് തെറ്റിക്കാനുള്ള സമയമായി എന്നാണ് റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
30 hat-tricks before 30 and 30 hat-tricks after 30. It’s time to unbalance the scale! ?? pic.twitter.com/McgGZBmzyh
— Cristiano Ronaldo (@Cristiano) April 17, 2022
“30 (വയസിന്) മുൻപ് 30 ഹാട്രിക്കുകൾ, 30 (വയസിന്) ശേഷം 30 ഹാട്രിക്കുകൾ. സ്കെയിൽ അസന്തുലിതമാക്കേണ്ട സമയമായി,” റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അതേ സമയം, നോർവിച്ചിന് എതിരെയുള്ള വിജയത്തോടെ പ്രീമിയർ ലീഗ് ടോപ് ഫോർ സാധ്യതകൾ കൂടുതൽ സജീവമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. നിലവിൽ 32 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ചുവന്ന ചെകുത്താന്മാർ. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള, കരുത്തരായ ലിവർപൂളുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.