Football in Malayalam

ജെറോം ബോട്ടെങ്ങിനെ കറക്കി വീഴ്ത്തി മെസി ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നു നേടിയിട്ട് ആറു വർഷം

Sreejith N
FC Barcelona v FC Bayern Muenchen - UEFA Champions League Semi Final
FC Barcelona v FC Bayern Muenchen - UEFA Champions League Semi Final / Vladimir Rys Photography/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി കളിക്കളത്തിൽ തന്റെ അസാമാന്യ പ്രതിഭ കൊണ്ട് നാണം കെടുത്തിയിട്ടുള്ള നിരവധി താരങ്ങളുണ്ട്. മികച്ച ഡ്രിബ്ലിങ് ശേഷിയുള്ള മെസിയുടെ ശരീര ചലനങ്ങൾ വിലയിരുത്തി താരത്തെ തടയുക വളരെ ബുദ്ധിമുട്ടേറിയതു കൊണ്ടാണ് സമകാലികരായ ഏറ്റവും മികച്ച ഡിഫെൻഡർമാർ പോലും താരത്തിനു മുന്നിൽ പലപ്പോഴും കീഴടങ്ങിയിരിക്കുന്നത്.

മെസിക്കു മുന്നിൽ മൂക്കുകുത്തി വീണ ഒരുപാട് പ്രതിരോധ താരങ്ങളുണ്ടെങ്കിലും അതിൽ ആരാധകർ ഏറ്റവും കൂടുതൽ ഓർത്തിരിക്കുക ആറു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേൺ മ്യൂണിക്ക് താരമായ ജെറോം ബോട്ടെങ്ങിനെതിരെ ബാഴ്‌സലോണ നായകൻ നടത്തിയ നീക്കമായിരിക്കും. മെസിയുടെ മാസ്റ്റർക്ലാസ് പ്രകടനം കണ്ട ആ മത്സരത്തിൽ ബയേണിനെ തോൽപ്പിച്ച് ബാഴ്‌സലോണ ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌തിരുന്നു.

ബാഴ്‌സലോണയുടെ മൈതാനത്തു നടന്ന സെമി ഫൈനൽ ആദ്യപാദ മത്സരം എഴുപത്തിയേഴു മിനുട്ട് പിന്നിട്ടപ്പോഴും ഗോൾരഹിത സമനിലയിലായിരുന്നു. എന്നാൽ എഴുപത്തിയേഴാം മിനുട്ടിൽ മെസി മികച്ചൊരു ഷോട്ടിലൂടെ ന്യൂയറെ കീഴടക്കി. അതിനു ശേഷമാണ് ചാമ്പ്യൻസ് ലീഗിലെ തന്നെ മെസിയുടെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് പിറക്കുന്നത്. പന്തുമായുള്ള നീക്കത്തിനിടെ ബോട്ടെങ്ങുമായി വൺ ഓൺ വണിൽ വന്ന മെസി ശരീരം കൊണ്ടു നടത്തിയ ഒരേയൊരു ചലനം ജർമൻ താരത്തെ കറക്കി വീഴ്ത്തുകയായിരുന്നു.

ആ നീക്കത്തിന്റെ മനോഹാരിത കെടാതെ ന്യൂയറുടെ തലക്കു മുകളിലൂടെയുള്ള മനോഹരമായൊരു ചിപ്പിലൂടെയാണ് മെസി തന്റെ ഗോൾ പൂർത്തിയാക്കിയത്. അതിനു ശേഷം മെസിയുടെ അസിസ്റ്റിൽ നിന്നും നെയ്‌മർ ഒരു ഗോൾ കൂടി നേടി ബാഴ്‌സലോണയുടെ ലീഡുയർത്തി 3-0ത്തിന്റെ വിജയം ടീമിനു നൽകി. ബയേണിന്റെ മൈതാനത്തു നടന്ന രണ്ടാം പാദത്തിൽ ബാഴ്‌സലോണ 2-3നു തോറ്റെങ്കിലും ആദ്യപാദത്തിലെ തകർപ്പൻ ജയം അവരെ ഫൈനലിൽ എത്തിക്കുകയായിരുന്നു. ഫൈനലിൽ യുവന്റസിനെ 3-1നു കീഴടക്കി ബാഴ്‌സ ചാമ്പ്യൻസ് ലീഗ് കിരീടവും ആ സീസണിൽ ഉയർത്തി.

മെസി, സുവാരസ്, നെയ്‌മർ സഖ്യം ബാഴ്‌സലോണയിൽ ആദ്യമായി ഒരുമിച്ചിറങ്ങിയ ആ സീസണിൽ ട്രിബിൾ കിരീടങ്ങൾ ബാഴ്‌സ സ്വന്തമാക്കിയിരുന്നു. മെസിയെ സംബന്ധിച്ച് ഇതിനേക്കാൾ മികച്ച ഗോളുകൾ പലതും നേടിയിട്ടുണ്ടെങ്കിലും ആരാധകർ ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്ന ഗോളുകളിൽ ഒന്നാണിത്. അതിനു മുൻപത്തെ വർഷം നടന്ന ലോകകപ്പിൽ കിരീടമുയർത്തിയ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരമാണ് മെസിക്കു മുന്നിൽ നിഷ്പ്രഭനായത് എന്നതു തന്നെയാണ് അതിനു കാരണം.


facebooktwitterreddit