ഗാരെത് ബേൽ ലോസ് ഏഞ്ചൽസ് എഫ്സിയിലേക്ക് ചേക്കാറാനുള്ള മൂന്നു കാരണങ്ങൾ


റയൽ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ഗാരെത് ബേലിനെ സ്വന്തമാക്കാൻ യൂറോപ്പിലെ നിരവധി ക്ലബുകൾ ശ്രമം നടത്തിയെങ്കിലും വെയിൽസ് താരം അമേരിക്കൻ ലീഗ് ക്ലബായ ലോസ് ഏഞ്ചൽസ് എഫ്സിയിലേക്കാണ് ചേക്കേറിയത്. 64 വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് വെയിൽസിനു ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത താരം ടൂർണ്ണമെന്റിനായി മികച്ച രീതിയിൽ തയ്യാറെടുക്കാൻ കൂടി വേണ്ടിയാണ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയത്.
വെയിൽസിൽ തന്നെയുള്ള ക്ലബായ കാർഡിഫ് സിറ്റിയിലേക്കാണ് ബേൽ ചേക്കേറുകയെന്ന റിപ്പോർട്ടുകളാണ് ആദ്യം ഉണ്ടായിരുന്നത് എന്നതിനാൽ തന്നെ അമേരിക്കൻ ലീഗിലേക്ക് താരമെത്തിയത് പലർക്കും അത്ഭുതമായിരുന്നു. അതേസമയം പണത്തിനു പ്രാധാന്യം നൽകിയില്ല ബേൽ എംഎൽഎസ് തിരഞ്ഞെടുത്തത് എന്നാണു താരത്തിന്റെ ഏജന്റായ ജോനാഥൻ ബെർനറ്റ് പറയുന്നത്. ബിബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം ബേൽ എംഎൽഎസ് ക്ലബ്ബിലേക്ക് ചേക്കേറാൻ മൂന്നു കാരണങ്ങളാണ് പ്രധാനമായുമുള്ളത്.
1. ലോകകപ്പിനുള്ള തയ്യാറെടുപ്പ്
64 വർഷത്തെ കാത്തിരിപ്പിനു ശേഷം വെയിൽസ് ലോകകപ്പ് യോഗ്യത നേടിയതിനാൽ തന്നെ അതിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ ടീമിലെ പ്രധാനതാരമെന്ന നിലയിൽ ബേൽ ബാധ്യസ്ഥനാണ്. റയൽ മാഡ്രിഡ് ടീമിൽ അവസരങ്ങൾ കുറവായിരുന്നുവെങ്കിലും അമേരിക്കൻ ക്ലബ്ബിലേക്ക് ചേക്കേറി കൂടുതൽ മത്സരങ്ങൾ കളിച്ച് മികച്ച രീതിയിൽ ലോകകപ്പിന് തയ്യാറെടുക്കാൻ ബേലിനു കഴിയും.
2. കൂടുതൽ പണം നേടാൻ അവസരം
അമേരിക്കൻ വാണിജ്യവിപണിയിലെ തന്നെ ഏറ്റവും വലിയ താവളങ്ങളിലൊന്നും നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സ്പോർട്ട്സ് മാർക്കറ്റുമാണ് ലോസ് ഏഞ്ചൽസ്. നിലവിൽ ബേലിനു ലഭിക്കുന്ന പ്രതിഫലം റയൽ മാഡ്രിഡിൽ നിന്നു ലഭിച്ചിരുന്നതിനേക്കാൾ കുറവാണെങ്കിലും വിവിധങ്ങളായ മറ്റു കരാറുകൾ വഴി കൂടുതൽ വരുമാനമുണ്ടാക്കാൻ നിലവിൽ എംഎൽഎസിലെ ഏറ്റവും വലിയ താരത്തിന് കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.
3. ഫുട്ബോൾ കരിയർ നീണ്ടേക്കും
റയൽ മാഡ്രിഡ് കരാർ അവസാനിച്ചാൽ ബേൽ റിട്ടയർ ചെയ്യുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വെയിൽസ് ലോകകപ്പ് യോഗ്യത നേടിയതോടെ അതു കെട്ടടങ്ങി. റയൽ മാഡ്രിഡിൽ വളരെയധികം സമ്മർദ്ദം ആരാധകരിൽ നിന്നും നേരിടേണ്ടി വന്ന ബേലിനു പക്ഷെ അമേരിക്കൻ ലീഗിൽ കുറച്ചു കൂടി ആശ്വാസത്തോടെ തുടരാൻ കഴിയും. അത് നേരത്തെ വിരമിക്കാനുള്ള താരത്തിന്റെ പദ്ധതികളിലും മാറ്റം വരുത്തിയേക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.